തിരുവനന്തപുരം : വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയുടെ സിപിഐഎം ബന്ധം കാരണം അന്വേഷണം അട്ടിമറിക്കപ്പെട്ടോ എന്ന് സംശയം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച പറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.
“പീഡനവും കൊലപാതകവും പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതാണ്. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. പ്രതിയുമായെത്തി പൊലീസ് തെളിവുകളും ശേഖരിച്ചിരുന്നു. എന്നിട്ടും കേസ് കോടതിയില്‍ പരാജയപ്പെട്ടതിന് പിന്നില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിരിക്കാം. അതിനെക്കുറിച്ച് അന്വേഷണം നടത്തണം ” എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വണ്ടിപ്പെരിയാർ പോക്സോ കേസിലെ പ്രതിയെ വെറുതെവിട്ട സംഭവം കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. വാളയാറിലെ പ്രതിക്ക് പാര്‍ട്ടി ബന്ധം ഉള്ളതിനാലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. വണ്ടിപ്പെരിയാറിലെ പ്രതിയ്ക്ക് ഡിവൈഎഫ്ഐ ബന്ധമുള്ളതിനാലാണ് തെളിവുകൾ നശിപ്പിക്കപ്പെടാന്‍ കാരണമായതെന്ന് പൊതുസമൂഹം സംശയിക്കുന്നുവെന്നും വി ഡി സതീശൻ വ്യക്തമാക്കി. ആ അമ്മയുടെ നെഞ്ച് പൊട്ടിയുള്ള നിലവിളി പിണറായി വിജയൻ കേൾക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post