ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ചുകൊണ്ട് ശ്രദ്ധേയനായ ഹാസ്യ താരമാണ് ശ്യാം രംഗീല. പക്ഷേ അത്യാവശ്യം സെലിബ്രിറ്റി ഒക്കെ ആയപ്പോൾ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ മത്സരിച്ചു തോൽപ്പിക്കണമെന്ന് ഒരു ആഗ്രഹം വന്നു. അങ്ങനെ മോദിയെ തോൽപ്പിക്കാനായി ചെന്നെത്തിയത് വാരാണസിയിൽ. ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട് ആണ് കാണിക്കുന്നതെന്ന് രാജ്യം മുഴുവൻ പരിഹസിച്ചപ്പോഴും കുലുങ്ങിയില്ല. നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത ശ്യാം രംഗീലയുടെ നാമനിർദ്ദേശപത്രിക തള്ളി എന്നുള്ളതാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ വാരണാസി മണ്ഡലത്തിൽ 40ഓളം പേരാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ 27 നാമനിർദ്ദേശ പത്രികകൾ മാത്രമാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. പത്രികയിലും സത്യവാങ്മൂലത്തിലും ഉള്ള വൈരുദ്ധ്യങ്ങളാണ് ശ്യാം രംഗീലയുടെ നാമനിർദ്ദേശപത്രിക തള്ളാൻ കാരണമായിട്ടുള്ളത്. പത്രിക തള്ളിയതിനെതിരെ വൈകാരികമായ പ്രതികരണവുമായാണ് ശ്യാം രംഗീല രംഗത്തെത്തിയത്.
‘ഗംഗാ മാതാവ് എന്നെ അനുഗ്രഹിച്ചില്ല. വളരെയേറെ കഠിനാധ്വാനവും ബുദ്ധിമുട്ടും സഹിച്ചാണ് വാരണാസിയിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. എന്നാൽ എന്റെ പത്രിക നിരസിക്കപ്പെട്ടു. ശരിക്കും ജനാധിപത്യം അപകടകരമായ അവസ്ഥയിലാണ് ഉള്ളത്. വാരണാസി ജില്ലാ ഭരണകൂടം ആശയക്കുഴപ്പം സൃഷ്ടിച്ചത് കൊണ്ടാണ് എനിക്ക് ശരിയായി പത്രിക സമർപ്പിക്കാൻ കഴിയാതിരുന്നത്. രാഷ്ട്രീയം എനിക്ക് പറ്റിയ പണിയല്ല എന്ന് മനസ്സിലാക്കുന്നു. ഇനി രാഷ്ട്രീയത്തിലേക്കില്ല. കോമഡിയിൽ തന്നെ തുടരും. രാഷ്ട്രീയത്തിനെക്കാൾ എന്തുകൊണ്ടും കോമഡിയാണ് മികച്ച മേഖല” എന്നാണ് പത്രിക തള്ളിയ ശേഷം ശ്യാം രംഗീല പ്രതികരിച്ചത്.
Discussion about this post