നീണ്ട 66 വർഷങ്ങൾ, ഉത്തർപ്രദേശിലെ റായ്ബറേലി എന്ന ജില്ല കോൺഗ്രസിനോടൊപ്പം നെഹ്റു കുടുംബത്തിനോടൊപ്പം അടിയുറച്ചു നിന്നു. എന്നാൽ പകരം എന്താണ് റായ്ബറേലിക്ക് കോൺഗ്രസ് നൽകിയത്? ഈ തിരഞ്ഞെടുപ്പ് കാലത്തും ഏറ്റവും ചർച്ചയാകുന്ന ഒന്നാണ് നെഹ്റു കുടുംബം കാലങ്ങളായി ആധിപത്യം പുലർത്തി വന്ന റായ്ബറേലി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ മത്സരിച്ച മറ്റ് മുഴുവൻ സീറ്റുകളിലും കോൺഗ്രസ് തോറ്റപ്പോഴും റായ്ബറേലി കോൺഗ്രസിനെ കൈവിട്ടില്ല. നെഹ്റു കുടുംബത്തിലെ സോണിയ ഗാന്ധിയെ തന്നെ ആ വർഷവും റായ്ബറേലിയിലെ ജനങ്ങൾ തിരഞ്ഞെടുത്തു. എന്നാൽ ഈ വർഷം റായ്ബറേലിയും തങ്ങളെ തുണക്കില്ല എന്ന തോന്നലിൽ മത്സരത്തിന് ഇല്ലെന്ന് സോണിയ ഗാന്ധി നേരത്തെ തന്നെ പ്രഖ്യാപിച്ചു. എന്നാൽ ഇത്രയും വർഷം കോൺഗ്രസിനോടൊപ്പം നിന്ന റായ്ബറേലിയെ കൈവിട്ടാൽ അത് രാജ്യത്ത് മൊത്തം കോൺഗ്രസിന് മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്നറിയാവുന്ന കോൺഗ്രസ് നേതൃത്വം ഒടുവിൽ രാഹുൽ ഗാന്ധിയെ അവസാന പരീക്ഷണത്തിനായി ഈ വർഷം റായ്ബറേലിയിൽ നിയോഗിച്ചിട്ടുണ്ട്.
പക്ഷേ മുൻതവണകളെ അപേക്ഷിച്ച് ഇത്തവണ കോൺഗ്രസിനും നെഹ്റു കുടുംബത്തിനും അത്ര എളുപ്പമല്ല കാര്യങ്ങൾ. കോൺഗ്രസിനെ കൈവിട്ട് ബിജെപിയെ സ്വീകരിച്ചതോടെ മുൻപ് നെഹ്റു കുടുംബം ആധിപത്യം പുലർത്തിയിരുന്ന അമേത്തിയിൽ ഉണ്ടായ മാറ്റങ്ങൾ വിസ്മയാവഹമാണ്. അമേത്തിയിലെ പുരോഗതി റായ്ബറേലിയും കണ്ടുകൊണ്ടിരിക്കുകയാണ്. 66 വർഷങ്ങൾ കോൺഗ്രസ് ഭരിച്ചിട്ടും നടപ്പിലാക്കാൻ കഴിയാഞ്ഞ വികസനവും പുരോഗതിയും കേവലം അഞ്ചു വർഷങ്ങൾ കൊണ്ട് ബിജെപി നടപ്പിലാക്കി കാണിക്കുമ്പോൾ റായ്ബറേലിയിലെ ജനങ്ങളും ഇത്തവണ മാറി ചിന്തിക്കും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. അങ്ങനെ ചിന്തിക്കാൻ റായിബറേലിയിലെ ജനങ്ങൾക്ക് കഴിയുമോ എന്ന ചിന്തയുണ്ടെങ്കിൽ കഴിഞ്ഞ 66 വർഷങ്ങൾ റായ്ബറേലിയിൽ എന്ത് നടന്നു എന്ന് അറിയണം.
റായ്ബറേലിയിലെ കോൺഗ്രസിന്റെ ആധിപത്യം ആരംഭിക്കുന്നത് 1952 ലാണ്. നെഹ്റു കുടുംബത്തിൽ നിന്നുമുള്ള ആദ്യ സ്ഥാനാർഥി ഈ മണ്ഡലത്തിൽ എത്തുന്നത് ആ വർഷത്തിലായിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ മരുമകനും ഇന്ദിരാഗാന്ധിയുടെ ഭർത്താവുമായ ഫിറോസ് ഗാന്ധിയായിരുന്നു 1952 ലും 1957 ലും റായ്ബറേലിയിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1960ൽ ഫിറോസ് ഗാന്ധി മരിച്ചതിനു ശേഷം 1962 ലെ തിരഞ്ഞെടുപ്പിൽ റായ്ബറേലി ഒരു പട്ടികജാതി സംവരണ മണ്ഡലമായി പ്രഖ്യാപിക്കപ്പെട്ടു. കോൺഗ്രസിൽ നിന്നുമുള്ള ബൈജ്നാഥ് കുരീൽ ആയിരുന്നു ആ തവണ റായ്ബറേലിയിൽ നിന്നും വിജയിച്ചത്. എന്നാൽ 1967ൽ റായ്ബറേലി ഡീ റിസർവ് ചെയ്യപ്പെട്ടതോടെ മണ്ഡലം വീണ്ടും നെഹ്റു കുടുംബത്തിന്റെ കൈക്കലായി. അത്തവണ ഫിറോസ് ഗാന്ധിയുടെ വിധവയായ ഇന്ദിരാഗാന്ധി ആണ് റായ്ബറേലിയിൽ നിന്നും ജനവിധി തേടിയത്. 55 ശതമാനത്തോളം വോട്ടുകൾ നേടി കൊണ്ട് ഇന്ദിരാഗാന്ധി വിജയിച്ചു.
1971 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും നെഹ്റു കുടുംബത്തിനും എതിരായ ഒരു വികാരം റായ്ബറേലിയിൽ ഉണ്ടായിരുന്നു. കോൺഗ്രസിൽ നിന്നും പിളർന്ന സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി രാജ് നരേനെ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് ഇന്ദിരാഗാന്ധി പരാജയപ്പെടുത്തിയെങ്കിലും ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന് കാണിച്ച് രാജ് നരേൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പിൽ ക്രമക്കേട് കാണിച്ചെന്ന് അലഹബാദ് കോടതി കണ്ടെത്തുകയും രാജ് നരേനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയും എന്നാൽ അപ്പീൽ തീർപ്പാകുന്നത് വരെ ഇന്ദിരയെ പ്രധാനമന്ത്രിയായി തുടരാനായി അനുവദിക്കുകയും ചെയ്തു. അധികാരം നഷ്ടപ്പെടും എന്നുള്ള ഈ സാഹചര്യം വന്നതോടെയാണ് ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
21 മാസങ്ങൾ നീണ്ടുനിന്ന അടിയന്തരാവസ്ഥ രാജ്യത്തെ ജനജീവിതം ദുസഹമാക്കി. രാജ്യം മുഴുവനും ഇന്ദിരാഗാന്ധിക്ക് എതിരായ വികാരം അലയടിച്ചു. ഒടുവിൽ നീണ്ട അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിക്കൊണ്ട് രാജ് നരേൻ ഭാരതീയ ലോക്ദൾ ടിക്കറ്റിൽ നിന്നും വിജയിച്ചു. അങ്ങനെ ആദ്യമായി റായ്ബറേലിയിൽ ഒരു കോൺഗ്രസ് ഇതര സ്ഥാനാർത്ഥി വിജയിച്ചു. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ജനത പാർട്ടി സർക്കാരിനെ തകർക്കാൻ കോൺഗ്രസിനായി. തുടർന്ന് 1980 ൽ നടന്ന തിരഞ്ഞെടുപ്പിൽ റായ്ബറേലിയെ മാത്രം വിശ്വസിച്ചു മുന്നോട്ടു പോകാൻ കഴിയില്ലെന്ന് കണക്കാക്കിയ ഇന്ദിരാഗാന്ധി ആന്ധ്രപ്രദേശിലെ മേദകിൽ നിന്നും റായ്ബറേലിയിൽ നിന്നും മത്സരിച്ചു. രണ്ടിടത്തുനിന്നും വിജയിച്ചതോടെ മേദകിൽ തുടരാനും റായ്ബറേലിയിൽ നിന്നും രാജിവെച്ച് മറ്റൊരു കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തി ഉപതിരഞ്ഞെടുപ്പ് നടത്താനും ഇന്ദിര തീരുമാനിച്ചു. ഇന്ദിരയുടെ ബന്ധുവും രാജീവിന്റെ അടുത്ത അനുയായിമായ അരുൺ നെഹ്റു ആയിരുന്നു റായ്ബറേലിയിൽ നിന്നും വിജയം കൈവരിച്ചത്.
1985ൽ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം 1989ൽ നടന്ന തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിയോഗിക്കപ്പെട്ടത് ഇന്ദിരാഗാന്ധിയുടെ മാതാവ് കമല നെഹ്റുവിന്റെ സഹോദര ഭാര്യയായ ഷീല കൗൾ ആയിരുന്നു. രണ്ട് തിരഞ്ഞെടുപ്പുകളിൽ ഷീല കൗൾ റായ്ബറേലിയിൽ നിന്നും വിജയിച്ചു. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ റായ്ബറേലി ബിജെപിക്കൊപ്പം നിന്നു. തങ്ങളുടെ പരമ്പരാഗത മണ്ഡലമായ റായ്ബറേലി കൈവിട്ടു പോയത് കോൺഗ്രസിന് വലിയ ആഘാതം ആയിരുന്നു. 1998ൽ രാജീവ് ഗാന്ധിയുടെ മരണശേഷം ഭാര്യ സോണിയ ഗാന്ധി കോൺഗ്രസിന്റെ അധികാരം ഏറ്റെടുത്തതോടെ സോണിയയുടെ വിശ്വസ്ത സഹായിയായ സതീഷ് ശർമയ്ക്ക് ആയിരുന്നു റായ്ബറേലി നൽകപ്പെട്ടത്. 2004ൽ സോണിയ ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ മണ്ഡലം വീണ്ടും നെഹ്റു കുടുംബത്തിന്റെ ആധിപത്യത്തിൽ ആയി. 2004 മുതൽ 2019 വരെയുള്ള കാലയളവിൽ അഞ്ച് തിരഞ്ഞെടുപ്പുകൾ ആണ് റായ്ബറേലിയിൽ നടന്നത്. അഞ്ചു തവണയും സോണിയ ഗാന്ധി തന്നെ വിജയിച്ചു. 2024 ലെ തിരഞ്ഞെടുപ്പ് വരുമ്പോൾ രാഹുൽ ഗാന്ധി ആണ് റായ്ബറേലിയിൽ നിന്നും കോൺഗ്രസിനായി ജനവിധി തേടുന്നത്. കഴിഞ്ഞതവണ സോണിയ ഗാന്ധിക്കെതിരെ 3.65 ലക്ഷം വോട്ടുകൾ നേടിയ ഉത്തർപ്രദേശ് സർക്കാരിലെ ഹോർട്ടികൾച്ചർ മന്ത്രി ദിനേശ് സിംഗ് ആണ് നിലവിലെ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലെ ബിജെപി സ്ഥാനാർത്ഥി.
കേന്ദ്രസർക്കാർ ഭരണം കയ്യാളിയിരുന്ന കോൺഗ്രസും നെഹ്റു കുടുംബവും 66 വർഷത്തോളം ഭരിച്ചിട്ടും ഉത്തർപ്രദേശിലെ അവികസിത ജില്ലകളിൽ ഒന്നായി തുടരുകയാണ് റായ്ബറേലി. റായ്ബറേലിയിലെ 33,000ത്തോളം കുടുംബങ്ങൾ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. നല്ല റോഡുകളോ, വീടുകളോ, എന്തിനേറെ പലപ്പോഴും വൈദ്യുതി പോലും റായ്ബറേലിയിലെ ജനതയ്ക്ക് സ്വപ്നം മാത്രമാണ്. നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും സാക്ഷരതാ നിരക്കിന്റെ കാര്യത്തിലും ഇന്നും ഉത്തർപ്രദേശിലെ പല ജില്ലകളെക്കാളും താഴെയാണ് റായ്ബറേലി. കോൺഗ്രസിന്റെ വിഐപി മണ്ഡലമായ റായ്ബറേലിയിൽ 66 വർഷത്തോളം ഭരിച്ചിട്ടും ഇന്നേവരെ ഒരു ഗവൺമെന്റ് മെഡിക്കൽ കോളേജ് പോലും ഈ ജില്ലയിൽ ഇല്ല എന്നുള്ളത് റായ്ബറേലിയുടെ യഥാർത്ഥ അവസ്ഥ തുറന്നു കാട്ടപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങളോ, ചികിത്സാ സൗകര്യങ്ങളോ, ജലസേചന സൗകര്യങ്ങളോ, നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളോ, വൈദ്യുതിയോ പോലും ഇല്ലെങ്കിലും തൊഴിൽ രഹിതരായ യുവാക്കൾ ധാരാളം ഉണ്ട് എന്നുള്ളതാണ് ഇന്നും നെഹ്റു കുടുംബത്തിന്റെ ഈ വിഐപി മണ്ഡലത്തിന്റെ അവസ്ഥ. ഇത്തവണത്തെ തിരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും ശാപമോക്ഷം കിട്ടുമോ എന്ന കാത്തിരിപ്പിലാണ് റായ്ബറേലി.
Discussion about this post