ന്യൂഡൽഹി : ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് ആഗോളതാപനവും കാലാവസ്ഥ മാറ്റവും. ഓസ്ട്രേലിയയിലെ മൊണാഷ് യൂണിവേഴ്സിറ്റി ഓഫ് ഓസ്ട്രേലിയ ആഗോളതലത്തിൽ ഉഷ്ണ തരംഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് നടത്തിയ പഠനം ഇന്ത്യക്കാരെ കൂടി ഞെട്ടിപ്പിക്കുന്നതാണ്. 1990 നു ശേഷം 30 വർഷത്തെ കാലഘട്ടത്തിൽ ഉഷ്ണതരംഗം ആഗോളതലത്തിൽ എങ്ങനെ ബാധിച്ചു എന്നാണ് മൊണാഷ് യൂണിവേഴ്സിറ്റി ഓഫ് ഓസ്ട്രേലിയ പഠനം നടത്തിയിരിക്കുന്നത്. ഈ ഗവേഷണ പ്രകാരമുള്ള കണക്കുകൾ അനുസരിച്ച് ലോകത്ത് ഉഷ്ണ തരംഗത്താൽ മരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ഉഷ്ണ തരംഗം മൂലം ലോകത്തിൽ ഓരോ വർഷവും 1.53 ലക്ഷം പേർ മരിക്കുന്നതായാണ് ഗവേഷണഫലം സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷവും 30,000ത്തോളം പേരാണ് ഉഷ്ണ തരംഗം മൂലം മരിക്കുന്നത്. ആഗോളതലത്തിലുള്ള കണക്കനുസരിച്ച് ഉഷ്ണതരംഗം മൂലം മരിക്കുന്നവരിൽ 50% പേരും ഏഷ്യയിൽ നിന്നുള്ളവരാണ്. 30% പേർ യൂറോപ്പിലും ഉഷ്ണരംഗം മൂലം മരിക്കുന്നുണ്ട്. വരണ്ട കാലാവസ്ഥയും താഴ്ന്ന വരുമാനമുള്ള പ്രദേശങ്ങളുമാണ് ഉഷ്ണ തരംഗത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത് എന്നും മൊണാഷ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണം വെളിപ്പെടുത്തുന്നു.
യുകെ സ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി കൺട്രി, മൾട്ടി സിറ്റി റിസർച്ച് നെറ്റ്‌വർക്കിൽ നിന്നുമുള്ള ഡാറ്റ ആണ് മൊണാഷ് യൂണിവേഴ്സിറ്റി ഗവേഷണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ലോകത്തെ 43 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കി പഠനം നടത്തിയ ശേഷമാണ് യൂണിവേഴ്സിറ്റി ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓരോ പത്തു വർഷങ്ങൾക്കിടയിലും ഭൂമിയുടെ കാലാവസ്ഥ .35 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചിട്ടുള്ളതായും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം മൂലം ഉഷ്ണ തരംഗങ്ങൾ ആവൃത്തിയിൽ മാത്രമല്ല തീവ്രതയിലും വ്യാപ്തിയിലും വർദ്ധനവ് കാണിക്കുന്നതായും പഠനം വെളിപ്പെടുത്തുന്നു.
കഴിഞ്ഞ 30 വർഷങ്ങൾക്കുള്ളിൽ ഉഷ്ണതരംഗം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് മധ്യപൂർവേഷൻ രാജ്യങ്ങളെയാണ്. കുവൈറ്റ്, ലബനൻ, സിറിയ തുടങ്ങിയ രാജ്യങ്ങളാണ് ഉഷ്ണരംഗം മൂലമുള്ള മരണങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നത്. പടിഞ്ഞാറൻ ഏഷ്യയിൽ 30 വർഷം കൊണ്ട് ഉഷ്ണ തരംഗ മരണങ്ങൾ 30% വർദ്ധിച്ചപ്പോൾ കിഴക്കനേഷ്യയിൽ 15% മാത്രമാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. അതേസമയം തെക്കൻ ഏഷ്യയാണ് ഉഷ്ണമരണങ്ങളുടെ കാര്യത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്നത്. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ഒരു ശതമാനം മാത്രമാണ് തെക്കൻ ഏഷ്യയിൽ ഉഷ്ണ തരംഗ മരണങ്ങളിൽ വർദ്ധനവുണ്ടായിട്ടുള്ളത്.
Discussion about this post