കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് ഇൻഡി സഖ്യത്തിന്റെ ഭാഗമല്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇൻഡി സഖ്യം അധികാരത്തിൽ എത്തിയാൽ പുറത്തുനിന്നും പിന്തുണ നൽകും. എന്നാൽ പശ്ചിമ ബംഗാളിലെ കോൺഗ്രസിനെയും സിപിഐഎമ്മിനെയും ഒരിക്കലും ഇൻഡി സഖ്യത്തിന്റെ ഭാഗമായി കണക്കാക്കാൻ ആവില്ല എന്നും മമത ബാനർജി വ്യക്തമാക്കി.
പശ്ചിമബംഗാളിൽ അധീർ രഞ്ജൻ ചൗധരി നയിക്കുന്ന കോൺഗ്രസും സിപിഐഎമ്മും യഥാർത്ഥത്തിൽ ബിജെപിക്കാണ് പിന്തുണ നൽകുന്നതെന്നും മമത ബാനർജി അഭിപ്രായപ്പെട്ടു. ഇൻഡി സഖ്യം 300ൽ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് കരുതുന്നത്. ഇത്തവണ ഇൻഡി സഖ്യം തന്നെ ഇന്ത്യ ഭരിക്കും. അധികാരത്തിലെത്തിയാൽ സഖ്യത്തിന് നേതൃത്വം നൽകുകയും എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യും എന്നും മമത ബാനർജി വെളിപ്പെടുത്തി.
ബുധനാഴ്ച ഹൂഗ്ലിയിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി രചന ബാനർജിക്ക് പിന്തുണ തേടിക്കൊണ്ട് നടത്തിയ റാലിയിലാണ് മമത ബാനർജി നിലപാട് വ്യക്തമാക്കിയത്. എന്നാൽ മമതയുടെ പ്രസ്താവന എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായില്ല എന്നാണ് പശ്ചിമബംഗാൾ കോൺഗ്രസ് അറിയിച്ചത്. 1998 മുതൽ വാജ്പേയി നേതൃത്വം നൽകിയ ബിജെപി സർക്കാരിനെ മമത ബാനർജി പുറത്തുനിന്നും പിന്തുണ നൽകിയിരുന്നു. ഇത്തരത്തിലുള്ള പിന്തുണയാണ് മമത ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും പശ്ചിമബംഗാളിലെ കോൺഗ്രസ് നേതൃത്വം അഭിപ്രായപ്പെട്ടു.
Discussion about this post