കോഴിക്കോട്: 25 ലക്ഷത്തിന്റെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ. കരിപ്പൂർ സ്വദേശി സിദ്ധിക്ക് വിളക്കകത്താണ് കസ്റ്റംസിന്റെ പിടിയിലായത്. 399 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. സോളാർ ലൈറ്റിലും കൊതുക് ബാറ്റിലും ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളുടെ ബാഗിലെ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ കണ്ട് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗ്സഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസവും കരിപ്പൂരിൽ സ്വർണവുമായി യാത്രക്കാർ പിടിയിലായിരുന്നു. വ്യത്യസ്ത കേസുകളിലായി രണ്ട് കോടിയോളം രൂപയുടെ സ്വർണമാണ് കസ്റ്റംസും പോലീസും ഡിആർഐയും ചേർന്ന് പിടികൂടിയത്. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരെയാണ് പിടികൂടിയത്.
മലപ്പുറം മീനടത്തൂർ സ്വദേശി ശിഹാബുദ്ധീൻ മൂത്തേടത്ത്, കണ്ണൂർ തളിപ്പറമ്പ സ്വദേശി ആശ തോമസ്, കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ് എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. രണ്ട് കിലോയിലധികം സ്വർണമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇതുകൂടതെ കുട്ടികൾക്കുള്ള വസ്ത്രത്തിന്റെ ബട്ടനുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 235 ഗ്രാം സ്വർണവും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കാസർഗോഡ് സ്വദേശി ബിഷറാത്ത് ആണ് പോലീസ് പിടിയിലായത്.
Discussion about this post