കറാച്ചി : 2024 ലെ ദേശീയ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി തയ്യാറെടുത്ത് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. എന്നാൽ ഇമ്രാൻ ഖാൻ നൽകിയ നാമനിർദ്ദേശ പത്രിക പാകിസ്താൻ ഇലക്ഷൻ ബോഡി തള്ളി. പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇമ്രാൻ ഖാന്റെ നാമനിർദ്ദേശപത്രിക തള്ളിയതായി അറിയിച്ചത്.
രണ്ടു മണ്ഡലങ്ങളിലേക്ക് മത്സരിക്കാൻ ആണ് ഇമ്രാൻ ഖാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നത്. 2022 ഏപ്രിലിൽ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടതുമുതൽ 71 കാരനായ മുൻ ക്രിക്കറ്റ് താരം രാഷ്ട്രീയവും നിയമപരവുമായ പോരാട്ടങ്ങളുടെ കുരുക്കിലാണുള്ളത്. പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന സമയത്ത് ലഭിച്ച സമ്മാനങ്ങൾ കൂടിയ വിലയ്ക്ക് വിറ്റ് അഴിമതി നടത്തി എന്ന പേരിൽ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുകയാണ് നിലവിൽ ഇമ്രാൻ ഖാൻ.
അഴിമതി കേസിൽ നടപടി നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയായതിനാലാണ് തിരഞ്ഞെടുപ്പിന് അയോഗ്യത കല്പിച്ചത് എന്നാണ് പാകിസ്താൻ തിരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കുന്നത്. ലാഹോറിൽ നിന്നും ജന്മനാടായ മിയാൻവാലിയിൽ നിന്നുമാണ് ഇമ്രാൻ ഖാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നത്. തന്നെ രാഷ്ട്രീയത്തിൽ നിന്നും മാറ്റിനിർത്താൻ ആഗ്രഹിക്കുന്ന സൈന്യം ആണ് ഇലക്ഷൻ ബോഡിയുടെ തീരുമാനത്തിന് പിന്നിലെന്ന് ഇമ്രാൻ ഖാൻ അഭിപ്രായപ്പെട്ടു.
Discussion about this post