തിരുവനന്തപുരം : 2023ലെ സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഓട്ടമാണ് മികച്ച ചിത്രം. ഈ ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോൻ, വിജയരാഘവൻ എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ശിവദയും സറിൻ ഷിഹാബും ആണ് മികച്ച നടിമാർ.
സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്നം പുരസ്കാരം നടൻ ശ്രീനിവാസന് സമ്മാനിക്കും. 69 ചിത്രങ്ങളായിരുന്നു 2023ല്‍ ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിനുള്ള മത്സരത്തിൽ ഉണ്ടായിരുന്നത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്.
ഗരുഡൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജുമേനോന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത്. പൂക്കാലം എന്ന ചിത്രത്തിലെ കഥാപാത്രമാണ് വിജയരാഘവനെ മികച്ച നടനാക്കിയത്. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലൂടെ ശിവദയും ആട്ടം എന്ന ചിത്രത്തിലൂടെ സറിൻ ഷിഹാബും മികച്ച നടിമാരായും തിരഞ്ഞെടുക്കപ്പെട്ടു.
Discussion about this post