പത്തനംതിട്ട : കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്നു നൽകുന്ന ഹരിവരാസനം പുരസ്കാരം ഈ വർഷം പി.കെ വീരമണി ദാസന് സമർപ്പിക്കും. നിരവധി പ്രശസ്ത അയ്യപ്പ ഭക്തി ഗാനങ്ങൾ ആലപിച്ചിട്ടുള്ള തമിഴ് ഗായകനാണ് പി.കെ വീരമണി ദാസൻ. ജനുവരി 15ന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ വച്ച് ദേവസ്വം മന്ത്രി കെ രാധകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.
സംഗീതത്തിലൂടെ ശബരിമലയുടെ മതനിരപേക്ഷതയും സാർവത്രിക സാഹോദര്യവും പ്രചരിപ്പിക്കുന്നതിനായി നൽകിയ സംഭാവനകൾക്കാണ് ഓരോ വർഷവും ഹരിവരാസനം പുരസ്കാരം നൽകുന്നത്. 2012 മുതലാണ് ഹരിവരാസനം പുരസ്കാരങ്ങൾ നൽകാനായി ആരംഭിക്കുന്നത്. ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായാണ് എല്ലാ വർഷവും ഹരിവരാസനം പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഹരിവരാസനം പുരസ്കാരം.
ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി. രാജമാണിക്യം, ദേവസ്വം കമ്മിഷണർ സി.എൻ. രാമൻ, പ്രഫ. പാൽക്കുളങ്ങര കെ.അംബികാ ദേവി എന്നിവരടങ്ങിയ സമിതിയാണ് ഈ വർഷത്തെ ഹരിവരാസനം പുരസ്കാരത്തിനായി പി.കെ വീരമണി ദാസനെ തിരഞ്ഞെടുത്തത്. ഏറെ പ്രശസ്തമായ കല്ലും മുള്ളും കാലുക്ക് മെത്തെ, മണികണ്ഠ സ്വാമി, ഇരുമുടി, സ്വാമിമാരേ അയ്യപ്പന്മാരേ തുടങ്ങി 6000 ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായകനാണ് പി.കെ വീരമണി ദാസൻ.
Discussion about this post