ബംഗളൂരു : അമ്മ തന്നെ നന്നായി നോക്കുന്നില്ലെന്ന് ആരോപിച്ച് 17 വയസ്സുകാരനായ മകൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബംഗളൂരുവിലെ കെ ആർ പുരയിൽ ആണ് സംഭവം നടന്നത്. ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിച്ചാണ് 17 കാരൻ അമ്മയെ കൊലപ്പെടുത്തിയത്. കോലാർ മുൾഭാഗൽ സ്വദേശിനിയായ നേത്ര എന്ന 40 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്.
മുൾഭാഗലിലെ സ്വകാര്യ കോളേജിൽ രണ്ടാംവർഷ ഡിപ്ലോമ വിദ്യാർത്ഥിയാണ് പ്രതി. കൊല്ലപ്പെട്ട നേത്ര ഒരു സ്വകാര്യ കോളേജിലെ അധ്യാപികയായിരുന്നു. രാവിലെ പ്രഭാത ഭക്ഷണത്തിന് ഒന്നും ഉണ്ടാക്കിയില്ല എന്ന കാരണത്താൽ അമ്മയും മകനും തമ്മിൽ വഴക്ക് നടന്നിരുന്നു. വഴക്കിനെ തുടർന്ന് മകൻ സമീപത്തുണ്ടായിരുന്ന ഇരുമ്പ് വടിയെടുത്ത് അമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.
അമ്മ കൊല്ലപ്പെട്ടെന്ന് മനസ്സിലായതോടെ ഇയാൾ കെ ആർ പുര പോലീസ് സ്റ്റേഷനിൽ എത്തി. സർക്കിൾ ഇൻസ്പെക്ടറെ അന്വേഷിച്ചു കൊണ്ട് പോലീസ് സ്റ്റേഷനിൽ എത്തിയ ഇയാൾ സ്റ്റേഷനിൽ ഉണ്ടായിരുന്ന വനിതാ പോലീസുകാരിയോട് താൻ അമ്മയെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി. തുടർന്ന് യുവാവ് നൽകിയ അഡ്രസ്സിൽ അന്വേഷിച്ചെത്തിയ പോലീസ് കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. അമ്മ തനിക്ക് യാതൊരു പരിഗണനയും തന്നിരുന്നില്ല എന്നും തന്നെ നന്നായി നോക്കിയിരുന്നില്ല എന്നുമാണ് കൊലപാതകത്തിന് കാരണമായി പ്രതി പോലീസിന് മൊഴി നൽകിയിട്ടുള്ളത്.
Discussion about this post