ഇന്ത്യൻ പാരമ്പര്യങ്ങളെ ഓരോന്നായി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. കൊളോണിയലിസത്തിന്റെ ഓരോ അവശേഷിപ്പുകളും തുടച്ചുനീക്കി ഇന്ത്യൻ പാരമ്പര്യത്തെ മുറുകെ പിടിക്കാനുള്ള നീക്കങ്ങൾ ഇതിനോടകം രാജ്യത്ത് തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇപ്പോൾ ഇന്ത്യൻ നാവിക സേനയുടെ വസ്ത്രത്തിൽമാറ്റം വരുന്നുവെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
നാവിക സേനയിൽ ഓഫീസർമാരുടെ മെസ്സുകളിലേയും നാവികരുടെ ഇൻസ്റ്റിട്ട്യൂട്ടുകളിലും ഉദ്യോഗസ്ഥർക്കും നാവികർക്കും കുർത്തയും പൈജാമയും ധരിക്കാനായി ഔദ്യോഗികമായി അനുമതി നൽകി. സൈനിക ആചാരങ്ങൾ ഇന്ത്യൻ രീതിയിലേക്ക് കൊണ്ട് വരുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് നടപടി.
കുർത്ത ഒരു സോളിഡ് ടോണായിരിക്കണമെന്നാണ് നിർദേശം. കാൽമുട്ട് വരെ നീളവും ബട്ടണുകളോ കഫ് ലിങ്കുകളോ ഉള്ള സ്ലീവുകളിൽ കഫ്സ് ഉണ്ടായിരിക്കണം. ഇടുങ്ങിയ പൈജാമ ഒരു ഇലാസ്റ്റിക് അരക്കെട്ടും സൈഡ് പോക്കറ്റുകളും ഉൾക്കൊള്ളുന്നതാകണം. സ്ലീവ്ലെസ് സ്ട്രെയിറ്റ് വെയ്സ്റ്റ് കോട്ടിനോ ജാക്കറ്റിനോ ഒപ്പം ചേരുന്ന പോക്കറ്റ് സ്ക്വയർ ഉപയോഗിക്കാമെന്നും നിർദേശങ്ങളിൽ പറയുന്നു. പൈജാമ കുർത്തക്ക് മാച്ചിംഗ് അല്ലെങ്കിൽ കോൺട്രാസ്റ്റ് ടോൺ ഉള്ളതായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കുർത്ത- ചുരുദാർ അല്ലെങ്കിൽ കുർത്ത – പലാസോ ധരിക്കാൻ ആഗ്രഹിക്കുന്ന വനിതാ ഓഫീസർമാർക്കും കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. യൂണിഫോമുകളിലെ മാറ്റത്തിന് പിന്നാലെ തങ്ങളുടെ റാങ്കിംഗുകളുടെ പേരുകളും മറ്റാനുള്ള ശ്രമത്തിലാണ് നാവികസേന എന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. കൊളോണിയൽ കാലഘട്ടത്തിൽ അധികാരത്തിന്റെ പ്രതീകമായി ഉദ്യോഗസ്ഥർ ബാറ്റൺ വഹിച്ചിരുന്ന രീതിയും നാവിക സേന ഉപേക്ഷിക്കുകയാണ്.
Discussion about this post