തൃശ്ശൂർ: അതിരപ്പിള്ളിയിൽ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. ആനക്കയത്ത് ആയിരുന്നു സംഭവം. അരമണിക്കൂറോളം റോഡിൽ തുടർന്ന കാട്ടാനയെ പാടുപെട്ടാണ് തുരത്തിയത്.
ഉച്ചയോടെയായിരുന്നു സംഭവം. അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന് നേരെയാണ് ആന പാഞ്ഞടുത്തത്. വഴിവക്കിൽ ഡ്രൈവർ ആനയെ കണ്ടെങ്കിലും റോഡിലേക്ക് വരില്ലെന്ന ധാരണയിൽ ബസുമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ ബസ് കണ്ട ആന റോഡിലേക്ക് ഓടിക്കയറി. ബസ് അടുത്ത് എത്തിയതോടെ ആന ബസിന് നേർക്ക് പാഞ്ഞടുക്കുകയായിരുന്നു.
ഉടനെ തന്നെ ഡ്രൈവർ ബസ് പുറകിലേക്ക് എടുത്തു. കുറച്ച് നേരം ഓടിയ ആന പിന്നീട് റോഡിൽ തന്നെ തുടരുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥലത്ത് എത്തി. ഉദ്യോഗസ്ഥരാണ് പന്നീട് ആനയെ തുരത്തിയത്. ആനയ്ക്ക് മദപ്പാടുണ്ടെന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം കാട്ടാന പാഞ്ഞെത്തിയതോടെ ബസിനുള്ളിലെ യാത്രികർ പരിഭ്രാന്തരായി.
Discussion about this post