മുംബൈ : കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് വോട്ട് ബാങ്കിന് വേണ്ടി തീവ്രവാദത്തോട് മൃദു സമീപനം കാണിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ചവരാണ് കോൺഗ്രസ്. ഇന്നും കോൺഗ്രസിന്റെ നിലപാടുകളിൽ യാതൊരു മാറ്റവുമില്ല. യഥാർത്ഥത്തിൽ കോൺഗ്രസ് കയ്പ്പക്ക പോലെയാണ്. നെയ്യിൽ വറുത്താലും പഞ്ചസാര ചേർത്താലും കയ്പ്പക്കയുടെ രുചിയിൽ ഒരു മാറ്റവും ഉണ്ടാകില്ല. കോൺഗ്രസും അതുപോലെയാണ്. എത്ര കാലം കഴിഞ്ഞാലും കോൺഗ്രസിന്റെ വിഭജന രാഷ്ട്രീയ നിലപാടുകൾക്ക് യാതൊരു മാറ്റവും ഇല്ല എന്നും പ്രധാനമന്ത്രി വിമർശിച്ചു.
കഴിഞ്ഞ 10 വർഷമായി കോൺഗ്രസ് അധികാരത്തിന് പുറത്തുനിന്നപ്പോൾ രാജ്യത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായത്. കോൺഗ്രസിന് പ്രസക്തി ഇല്ലാതായതോടെ രാജ്യം അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിഞ്ഞു. തീവ്രവാദ പ്രശ്നങ്ങളും നക്സൽ ഭീഷണിയും ഗണ്യമായി കുറയ്ക്കാൻ എൻഡിഎ സർക്കാരിന് കഴിഞ്ഞു. എന്നാൽ കോൺഗ്രസിന് ഇപ്പോഴും യാതൊരു മാറ്റവുമില്ല. അവരുടെ പ്രകടനപത്രികയിൽ പോലും മുസ്ലിം ലീഗ് മുദ്രയാണ് ഉള്ളത് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു.
Discussion about this post