തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് ഇടിച്ച് അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ കൊണ്ട് വന്ന മദ്യ പരിശോധനയ്ക്കെതിരെ പ്രതിഷേധവുമായി തൊഴിലാളി സംഘടനകൾ. മന്ത്രിയുടെ തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകള്‍ക്കിടയില്‍ തന്നെ മുറുമുറുപ്പ് ശക്തമാണ്. ഇക്കാര്യം സംഘടനാ നേതാക്കള്‍ മന്ത്രിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ പരിശോധനയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നാണ് ഗതാഗത മന്ത്രിയുടെ നിലപാട്. ഇക്കാര്യം അനൗദ്യോഗികമായി അംഗീകൃത തൊഴിലാളി സംഘടന നേതാക്കളെ മന്ത്രിയുടെ ഓഫീസ് ഇതിനോടകം തന്നെ അറിയിച്ചതായാണ് വിവരം.
അതെ സമയം ഇത് വരെ 41 പേർ മദ്യപിച്ച് ജോലിക്കെത്തിയതിന്റെ പേരിൽ പിടിയിലായിട്ടുണ്ട് . ഇവരില്‍ പലരുടെയും രക്തത്തില്‍ 185ന് മുകളിലാണ് മദ്യത്തിന്റെ അളവ്. പല ജില്ലകളിലും സ്കോഡ് വരുന്നതറിഞ്ഞു ഡ്രൈവര്‍മാര്‍ മുങ്ങുന്ന സാഹചര്യവും ഉണ്ടായി. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കോര്പ്പറേഷന് ഉണ്ടായത്. ഇത്തരത്തില്‍ സര്‍വീസ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ നഷ്ടം ജീവനക്കാരില്‍ നിന്നിടാക്കാനാണ് ഗതാഗത മന്ത്രിയുടെ നിര്‍ദേശം.
ജനങ്ങളുടെ ജീവൻ വച്ച് ചൂതാട്ടം നടത്തുന്ന കെ എസ് ആർ ടി സി ഡ്രൈവർമാരുടെ നടപടി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. എന്നാൽ അതിനേക്കാൾ ഞെട്ടിക്കുന്നതാണ് ഇതിനെതിരെ ഗതാഗത മന്ത്രിക്ക് പ്രതിഷേധം അറിയിക്കാനുള്ള തൊഴിലാളി സംഘടനകളുടെ നീക്കം. മദ്യപിച്ച് ജോലി ചെയ്യുന്നത് ഒരു അവകാശമാണെന്ന തരത്തിലുള്ള ഒരു നടപടിയായി മാത്രമേ ഇതിനെ വ്യാഖ്യാനിക്കാനാകൂ. ഇതിലൂടെ പൊതു ജനങ്ങളുടെ ജീവന് ഒരു വിലയും ഈ ഡ്രൈവർമാർ കൽപ്പിക്കുന്നില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്
Discussion about this post