1892 ഡിസംബർ മാസം. ഹിമാലയത്തിൽ നിന്ന് തുടങ്ങിയ പരിവ്രാജക യാത്ര തിരുവിതാംകൂറിൽ എത്തി നിൽക്കുകയാണ്. കൊടും പട്ടിണിയും, ദേവാലയം ഭ്രാന്താലയമാക്കുന്ന അജ്ഞതയും, അടിമത്വത്തിൻ്റെ കൂരിരുളും ഗ്രസിച്ച് സുവർണ്ണ സ്മരണകളുടെ ഓർമ്മകൾ പോലും ബാക്കിയില്ലാത്ത മാതൃഭൂമിയുടെ ഇന്നത്തെ അവസ്ഥയിൽ ആ പരിവ്രാജകൻ ദുഃഖിതനായിരുന്നു.
തിരുവിതാംകൂറിലെത്തി. പല പ്രമുഖരേയും സന്ദർശിച്ച്, ചട്ടമ്പിസ്വാമിയിൽ നിന്ന് ചിന്മുദ്രാ രഹസ്യവും മനസ്സിലാക്കി ആ യുവയോഗി ഡിസംബർ ഇരുപത്തി രണ്ടാം തീയതി കന്യാകുമാരിയിലെത്തി. ഇനി എങ്ങോട്ടാണ് പോകേണ്ടത്? മുന്നിൽ മൂന്നു വശവും ആർത്തിരമ്പുന്ന സാഗരം മാത്രം. സൂക്ഷിച്ച് നോക്കിയാൽ ഭാരതഭൂമിയുടെ പാദധൂളിയുടെ അവസാനത്തെ തരി എന്ന പോലെ സാഗരത്തിനു മുകളിൽ ഒരു പാറ കാണാം. ദേവി കന്യാകുമാരി ഒറ്റക്കാലിൽ തപസ്സനുഷ്ഠിച്ച പാറയായത് കൊണ്ട് അമ്മയുടെ പാദങ്ങൾ അവിടെ പതിഞ്ഞിട്ടുണ്ട് എന്നാണ് ഐതിഹ്യം.
കൊൽക്കത്തയിലെ കാളിമാതാവിൻറെ മടിയിൽ നിന്ന് യാത്ര തുടങ്ങിയ ആ യോഗി കന്യാകുമാരിയുടെ പാദരേണുക്കൾ പതിഞ്ഞ പാറയെ ലക്ഷ്യമാക്കി സമുദ്രത്തിലേക്ക് എടുത്ത് ചാടി. മൂന്നു ദിവസം ശ്രീപാദ പാറയിൽ അദ്ദേഹം തപസ്സു ചെയ്തു. ഹിമാലയം മുതൽ കന്യാകുമാരി വരെയുള്ള ഭാരതഭൂമിയുടെ ഓരോ കണവും ധ്യാനിച്ചു. അടിമത്വത്തിലമരുന്ന തൻ്റെ മാതൃഭൂമിയെ ഓർത്ത് കണ്ണീരണിഞ്ഞ് ധ്യാനിച്ചിരുന്ന ആ സന്യാസിയുടെ മനസ്സിലേക്ക് ഒരു കാര്യപദ്ധതി വെളിപ്പെട്ടു. എങ്ങനെയാണ് തൻ്റെ മാതൃഭൂമിയെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുക എന്ന കൃത്യമായ മാർഗ്ഗം ആ യോഗിക്ക് ഒരു ചിത്രം പോലെ തെളിഞ്ഞു. വിഷാദത്തിൻ്റെയും ഇരുട്ടിൻ്റെറെയും ശാപമൊഴിഞ്ഞ ആ നാൾ ഭാരതഭൂമിയുടെ ഉയർത്തെഴുന്നേൽപ്പിൻ്റെ സംക്രമദിനമായിരുന്നു. വിവേകാനന്ദൻ വിവേകാനന്ദനായ സുദിനം,
കാലങ്ങൾ കഴിഞ്ഞു. വിവേകാനന്ദ സ്വാമിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിലൊന്നിന് സാക്ഷിയായ ആ പാറയിൽ അദ്ദേഹത്തിന് ഒരു സ്മാരകം പണിയണമെന്ന് രാമകൃഷ്ണ മഠത്തിന് ആഗ്രഹമുണ്ടായിരുന്നു. 1963ൽ വിവേകാനന്ദ ജൻമശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി അങ്ങനെ ഒരു സ്മാരകം പണിയാൻ അവർ ആലോചിച്ചു. അതിന് വേണ്ടി പ്രാദേശികമായി ഒരു കമ്മറ്റിയും ഉണ്ടാക്കി.
പക്ഷെ അപ്പോഴും അധിനിവേശ ശക്തികളുടെ കരങ്ങൾ സജീവമായിരുന്നു. കന്യാകുമാരി കന്യകാമേരിയാണെന്നും ശ്രീപാദ പാറ മേരീപാറയാണെന്നും വരുത്തിതീർക്കാൻ ചില സംഘടിത ശക്തികൾ ശ്രമിച്ചു വരികയായിരുന്നു. അതിനായി പ്രദേശത്തെ ചില പരിവർത്തിത മത്സ്യതൊഴിലാളികളുടെ സഹായത്താൽ ശ്രീപാദപ്പാറയിൽ അവർ ഒരു വലിയ കുരിശ് നാട്ടിവെച്ചു.
രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ കേരളത്തിലെ മാർഗ്ഗദർശികൾ സംഭവമറിഞ്ഞ് ഈ അധിനിവേശം ശക്തമായി തടയണമെന്ന് തീരുമാനിച്ചു. കാറ്റും കോളും ചുഴികളുമുള്ള ആ സമുദ്രം താണ്ടി ശ്രീപാദപ്പാറയിൽ സാധാരണക്കാർക്ക് എത്തിച്ചേരുക വിഷമമാണ്. ശ്രീപാദപ്പാറ വീണ്ടെടുത്ത് അവിടെ വിവേകാനന്ദ സ്വാമികളുടെ സ്മാരകം സ്ഥാപിക്കണമെങ്കിൽ അധിനിവേശ ശക്തികൾ സ്ഥാപിച്ച കുരിശ് അവിടെ നിന്നും എടുത്ത് മാറ്റണം. ആയുധധാരികൾ കാവൽ നിൽക്കുന്ന ആ പാറയിൽ എത്തിചേരുക അസാദ്ധ്യമാണ്. ഒരു പക്ഷെ ജീവൻ പോലും തിരിച്ച്കിട്ടി എന്ന് വരില്ല.
സംഘത്തിൻ്റെ ആഹ്വാനമനുസ്സരിച്ച് കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് നിന്ന് മത്സ്യതൊഴിലാളികളായ പതിനഞ്ച് സ്വയം സേവകർ ജീവൻ തൃണവൽഗണിച്ച് ആ ദൗത്യമേറ്റെടുത്തു. എന്തു വിലകൊടുത്തും വിവേകാനന്ദപ്പാറ തിരികെപിടിക്കുമെന്ന് ഉറപ്പുനൽകി വള്ളങ്ങളിൽ കയറി അവർ കന്യാകുമാരിയിലേക്ക് യാത്രയായി.
പാതിരാത്രിയിൽ അവർ ശ്രീപാദപ്പാറയിലെത്തി. കുരിശ് പിഴുത് കടലിലെറിഞ്ഞു. നേരം വെളുത്തപ്പോഴാണ് അധിനിവേശശക്തികൾ വിവരമറിഞ്ഞത്. സംഘടിച്ചെത്തിയ അവർ ഇത്തവണ അവിടെ കോൺക്രീറ്റുകൊണ്ടാണ് ഒരു വലിയ കുരിശ് സ്ഥാപിച്ചത്. അതിന് ചുറ്റും ഇരുപത്തി നാല് മണിക്കൂറും ആയുധങ്ങളുമായി കാവൽക്കാരെയും നിർത്തി. പക്ഷെ പിറ്റേ ദിവസം വെളുപ്പിന് കാവൽക്കാരുടെ ശ്രദ്ധ അല്പമൊന്ന് തെറ്റിയപ്പോൾ വെള്ളയിൽ കടപ്പുറത്തെ ലക്ഷ്മണൻ എന്ന സ്വയം സേവകനും കൂട്ടരും ആ കോൺക്രീറ്റ് കുരിശും ഇടിച്ചു തകർത്ത് കടലിൽ തള്ളി.
ദൗത്യം പൂർത്തിയാക്കി കടലിലേക്ക് എടുത്ത് ചാടിയ അവർ നീന്തി കരയിലെത്തി. കരയിലെത്തിയ അവരെ പോലീസ് അറസ്റ്റു ചെയ്തതുകൊണ്ട് വലിയൊരു ആക്രമണം ഒഴിവായി. ഒരു തീരുമാനം ഉണ്ടാകുന്നത് വരെ പ്രദേശത്ത് കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ഒടുവിൽ തമിഴ്നാട് സർക്കാർ ശ്രീപാദ പാറയ്ക്ക് പോലീസ് സംരക്ഷണം നൽകാൻ തീരുമാനമെടുത്തു. പാറ വിവേകാന്ദപ്പാറ തന്നെയാണെന്നും എന്നാൽ പാറമേൽ തൽക്കാലത്തേക്ക് നിർമ്മാണങ്ങളൊന്നും പാടില്ലെന്നും സർക്കാർ ഉത്തരവിറക്കി. അപ്പോഴും അവിടെയൊരു വിവേകാനന്ദ സ്മാരകം നിർമ്മിക്കാൻ സർക്കാൻ അനുമതി നൽകിയില്ല. വേണമെങ്കിൽ അവിടെ ഒരു ചെറിയ ശിലാഫലകം സ്ഥാപിച്ചുകൊള്ളൂ എന്ന് തമിഴ്നാട് മുഖ്യമന്ത്രി ഭക്തവൽസലം ഔദാര്യത്തോടെ പറഞ്ഞു.
അങ്ങനെയാണ് സാക്ഷാൽ മന്നത്ത് പത്മാനഭനെ അദ്ധ്യക്ഷനാക്കി വിവേകാനന്ദ സ്മാരക സമിതിയുടെ തുടക്കം കുറിച്ചത്. 1963 ജനുവരി 11 ന് വിവേകാനന്ദപ്പാറയിൽ സ്മാരകസമിതി ഒരു ചെറിയ ശിലാഫലകം സ്ഥാപിച്ചു. പക്ഷെ 1963 മെയ് 16നു ചിലർ ആ ശിലാഫലകം തകർത്ത് കടലിൽ വലിച്ചെറിഞ്ഞു. അധികാരത്തിൻ്റേയും നിയമത്തിൻ്റേയും ആക്രമണങ്ങളുടെയും കുരുക്കിൽപ്പെട്ട് വിവേകാനന്ദ സ്മാരക സമിതിയുടെ പ്രവർത്തനം നിലച്ചുപോയ അവസ്ഥയിലാണ് രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ സർകാര്യവാഹക് ചുമതലയിലുണ്ടായിരുന്ന ഏകനാഥ റാനഡെ ഗുരുജിയുടെ നിർദേശ പ്രകാരം സ്മാരക സമിതിയുടെ നേതൃത്വ സ്ഥാനം ഏറ്റെടുക്കുന്നത്.
രാജ്യത്തെ ഓരോ മനുഷ്യരേയും, മുഴുവൻ സംസ്ഥാന സർക്കാരുകളേയും പങ്കാളിയാക്കി ഇന്ന് കാണുന്ന വിവേകാനന്ദ സ്മാരകം സ്ഥാപിച്ചത് ഏകനാഥ റാനഡെ എന്ന സ്വയംസേവകൻ്റെ ഭഗീരഥ പ്രയത്നത്താലാണ്. ആറു വർഷത്തോളം പ്രയത്നിച്ച് ഒരു മഹാതപസ്സെന്ന പോലെ ആ മനുഷ്യൻ
ശൂന്യതയിൽ നിന്ന് ഇന്നത്തെ വിവേകാനന്ദ സ്മാരകം നിർമ്മിച്ചു. ആധുനിക ഭാരതത്തിൻ്റെ സാംസ്കാരികമായ ഉയർത്തെഴുനേൽപിന് വലിയ സംഭാവന നൽകിയ മഹാപ്രസ്ഥാനമായി ഇന്ന് വിവേകാനന്ദ കേന്ദ്രം എത്തി നിൽക്കുന്നു.
തമിഴ് നാട്ടിലെ മഹാഗുരുവായ തിരുവള്ളുവരുടെ പ്രതിമ ശ്രീപാദ പാറയോട് ചേർന്ന മറ്റൊരു ചെറിയ പാറയിൽ സ്ഥാപിക്കണമെന്ന ഏകനാഥ് റാനഡേയുടെ ആവശ്യവും പിന്നീട് തമിഴ്നാട് ഗവണ്മെൻ്റ് അംഗീകരിച്ചു. ഇന്ന് വിവേകാനന്ദ സ്വാമിയുടെ സ്മരണയോടൊപ്പം തിരുവള്ളുവരുടെ ഓർമ്മയും സജീവമാക്കി ശ്രീപാദപ്പാറ ഭാരതഭൂമിയുടെ തെക്കേ മുനമ്പിനെ അടയാളപ്പെടുത്തുന്നു..
വെള്ളയിൽ ലക്ഷ്മണേട്ടൻറെയും മുക്കുവ സ്വയംസേവകരുടെയും ധീരതയുടെ, ത്യാഗത്തിൻ്റെ ഫലം വെറുതെയായില്ല. ഏകനാഥ്ജിയുടെ പാതകൾ പിന്തുടർന്ന് മറ്റൊരു സ്വയം സേവകൻ വിവേകാനന്ദപ്പാറയിലേക്ക് ഇന്ന്, മെയ് 30 ന്, ധ്യാനമിരിക്കാൻ എത്തുമ്പോൾ ചരിത്രം അതിൻ്റെ ഒരു ചക്രഗതി പൂർത്തിയാക്കുക മാത്രമാണ് ചെയ്യുന്നത്. നരേന്ദ്രനിൽ നിന്ന് നരേന്ദ്രനിലെത്തി നിൽക്കുമ്പോൾ സനാതനധർമ്മം സൂര്യതേജസ്സോടെ ആദിമഹസ്സിൽ സത്യത്തിൻ്റെ പൊൻരഥത്തിൽ എഴുന്നള്ളുകയാണ്.
Discussion about this post