തിരക്കും ബഹളവും നിറഞ്ഞ ജീവിതത്തിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. പ്രത്യകിച്ചും ആരുടെയും ശല്യം ഇല്ലാതെ സമാധാനത്തോടെ കുറച്ച് ദിവസം ഇരിക്കുന്നതിനേക്കാൾ വേറെ എന്തു ഉണ്ട്. ലോകത്തിൽ നാം ഇന്നും കാണാത്ത ഒട്ടനവധി മനോഹരമായ പ്രദേശങ്ങളുണ്ട്. ചിത്രങ്ങളിലൂടെയും വീഡിയകളിലൂടെയുമാണ് പല സ്ഥലങ്ങളെയും കുറിച്ച് നമ്മൾ അറിയുന്നത്. ഇത്തരത്തിൽ കഴിഞ്ഞ മാസം, യുഎസ്എ ടുഡേ 2024-ലെ ബെസ്റ്റ് സമ്മർ ട്രാവൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി.
റീഡേഴ്സ് ചോയ്സ് അവാർഡുകളുടെ ഭാഗമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് അമേരിക്കയിലെ മിഷിഗണിന് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ ദ്വീപുകളിലൊന്നായ മക്കിനാക് ആണ്. ഹുറോൺ തടാകത്തിലാണ് പ്രകൃതി സുന്ദരമായ ഈ ദ്വീപ്. മോട്ടോർ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത, ശുദ്ധമായ ഓക്സിജൻ കിട്ടുന്ന ഭൂമിയിലെ സുന്ദരമായ ഒരു സ്ഥലം.
അമേരിക്കയിലെ ഏറ്റവും മനോഹരമായ ദ്വീപുകളിലൊന്നാണ് മക്കിനാക്. മിഷിഗണിലെ മക്കിനാക്ക് കടലിടുക്കിന്റെ കിഴക്കേ അറ്റത്ത്, ഹ്യൂറോൺ തടാകത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാലാതീതമായ ചാരുതയും ശുദ്ധമായ അന്തരീക്ഷവും കൊണ്ട് ഈ ദ്വീപ് ഒരുപാട് സന്ദർശകരെ ആകർഷിക്കുന്നു. ആംബുലൻസ്, പോലീസ് കാറുകൾ, ഫയർ ട്രക്കുകൾ, നഗര സേവന വാഹനങ്ങൾ, മഞ്ഞുകാലത്ത് ഉപയോഗിക്കുന്ന സ്നോമൊബൈലുകൾ എന്നിവ ഒഴികെയുള്ള മോട്ടോർ വാഹനങ്ങൾക്ക് ഇവിടെ നിരോധനമുണ്ട്. സൈക്കിളുകളും കുതിര വണ്ടികളുമാണ് മക്കിനാക്കിലെ തെരുവുകളിൽ സഞ്ചാരികളെ വഹിച്ചു കൊണ്ടുപോകുന്നത്.
ഈ ദ്വീപിലേക്ക് പുറത്ത് നിന്ന് സഞ്ചാരികൾക്ക് വരാൻ രണ്ടു മാർഗ്ഗങ്ങളാണ് നിലവിൽ ഉള്ളത്. ഒന്ന് വിമാനത്തിൽ ഇവിടെയിറങ്ങാം. അല്ലെങ്കിൽ മക്കിനാവ് സിറ്റിയിൽ നിന്ന് ഒരു ബോട്ടിൽ ഡൗൺ ടൗണിൽ ഇറങ്ങുക. ശേഷം അവിടെ നിന്നും നടക്കാവുന്ന ദൂരമേയുള്ളൂ ഇവിടേക്ക്. പിന്നീട് ദ്വീപിനുള്ളിൽ യാത്ര ചെയ്യുന്നതിന് കുതിരവണ്ടികളെ ആശ്രയിക്കാം.
ഏകദേശം 500 നിവാസികൾ മാത്രമുള്ള ഈ ദ്വീപിൽ ഓരോ വർഷവും സന്ദർശനത്തിനായി മാത്രം എത്തുന്നത് ഒരു ദശലക്ഷത്തിലധികം ആളുകളാണ്. ഇവിടുത്തെ പ്രധാന സഞ്ചാരമാർഗ്ഗം കുതിരവണ്ടിയാണെന്ന് പറഞ്ഞല്ലോ. അതിനൊരു പ്രധാന കാരണം അഞ്ഞൂറിലധികം കുതിരകളുടെ ആവാസ കേന്ദ്രം കൂടിയാണ് ഇത്.
മനുഷ്യരേക്കാൾ പ്രാധാന്യം ഇവർക്കാണ് ഇവിടെ കൊടുക്കുന്നത്. അതുകൊണ്ട് തന്നെ 1898 മുതൽ ദ്വീപിനുള്ളിൽ മോട്ടോർ വാഹനങ്ങൾ നിരോധിച്ചു. മോട്ടോർ വാഹനങ്ങളുടെ തുടർച്ചയായ ശബ്ദം കുതിരകളെ അലോസരപ്പെടുത്തും എന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു നിരോധനം ഏർപ്പെടുത്തിയത്.
Discussion about this post