ന്യൂഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കാനോ ഉപേക്ഷിക്കാനോ ഉള്ള തീരുമാനം കേന്ദ്ര സർക്കാർ ഒരു കാരണവശാലും കൈക്കൊള്ളില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. വിദ്യാർത്ഥികളുടെ ഭാവിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും കേന്ദ്ര സർക്കാർ ഒരുക്കമല്ല. പരീക്ഷാ നടത്തിപ്പിന്റെ ഘടന ശക്തിപ്പെടുത്തുന്നതിനും സുതാര്യത ഉറപ്പ് വരുത്തുന്നതിനുമായി കേന്ദ്ര സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചില പ്രത്യേക മേഖലകളിൽ മാത്രമാണ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആശാസ്യമല്ലാത്ത സംഭവവികാസങ്ങൾ അരങ്ങേറിയത്. എന്നാൽ കുറ്റക്കാരായ ഒരാളെ പോലും സർക്കാർ വെറുതെ വിടില്ല. എൻടിഎ ഉദ്യോഗസ്ഥർക്കും ഇക്കാര്യം ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.
രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കാൻ കേന്ദ്ര സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ സിബിഐക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാർ ബിഹാർ പോലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post