അബുദാബി : 2020ൽ ദുബായിൽ വച്ച് ഉണ്ടായ ബസ് അപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 47 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണിത്. വർഷങ്ങളോളം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ദുബായിൽ വെച്ചുണ്ടായ ബസ് അപകടത്തിൽ മരിച്ച ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി എബി ഏബ്രഹാമിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരമായി 47 ലക്ഷം രൂപയോളം നൽകുക. 2020 ജൂലൈ 12 നായിരുന്നു ദുബായ് ഷെയ്ഖ് സായിദ് അൽ മനാറ പാലത്തിലൂടെ അബുദാബിയിലേയ്ക്ക് പോകുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടത്. പാകിസ്താൻ സ്വദേശിയായ ഡ്രൈവറുടെ അശ്രദ്ധമൂലം ബസ് ബാരിയറിൽ ഇടിച്ച് മറിഞ്ഞ ശേഷം തീ പിടിക്കുകയായിരുന്നു.
അപകടമുണ്ടായ ബസ്സിൽ 14 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ദുബായിലെ കോടതി ആദ്യം ഡ്രൈവർക്ക് മൂന്നുമാസം തടവും ആയിരം ദിർഹം പിഴയും മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദയാധനം നൽകാനും ആയിരുന്നു ഉത്തരവിട്ടിരുന്നത്. എന്നാൽ പിന്നീട് പാകിസ്താൻ സ്വദേശിയായ ഡ്രൈവർ അപ്പീൽ നൽകിയപ്പോൾ ഡ്രൈവറുടെ പ്രശ്നം കൊണ്ടല്ല അപകടം ഉണ്ടായത് എന്ന് കണ്ടെത്തി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.
കടുത്ത സാമ്പത്തിക പരാധീനതയിൽ കഴിഞ്ഞിരുന്ന എബിയുടെ കുടുംബം കേസുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങളെയും അഭിഭാഷകരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് 3 വർഷം കഴിഞ്ഞ് യാബ് ലീഗൽ സർവീസസ് ആണ് ഈ കേസ് ഏറ്റെടുത്ത് അപകടത്തില്പ്പെട്ട ബസ് ഇൻഷുർ ചെയ്ത യുഎഇയിലെ ഇൻഷുറൻസ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായതായും കണ്ടെത്തി. നിലവിൽ ഇൻഷുറൻസ് കമ്പനിയോട് ആണ് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
Discussion about this post