ചെന്നൈ : 100 കോടിയുടെ ഭൂമി തട്ടിപ്പ് കേസിൽ ഒളിവിൽ പോയ തമിഴ്നാട് മുൻ മന്ത്രി അറസ്റ്റിൽ. തമിഴ്നാട് മുൻ ഗതാഗത മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എംആർ വിജയഭാസ്കറിനെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് സിബി-സിഐഡി സംഘം നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ നിന്നാണ് വിജയഭാസ്കറിനെ പിടികൂടിയത്.
സബ് രജിസ്ട്രാറിന്റെയും വ്യവസായിയായ പ്രകാശ് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുൻ ഗതാഗത മന്ത്രി വിജയഭാസ്കർ ഉൾപ്പെടെ ഏഴു പേർക്കെതിരെ കരൂർ ടൗൺ പോലീസ് കേസെടുത്തിരുന്നു. 100 കോടി രൂപ വിലമതിക്കുന്ന 22 ഏക്കർ ഭൂമി വ്യാജരേഖ ഉണ്ടാക്കി പ്രതികൾ തട്ടിയെടുത്തെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
ഇതേത്തുടർന്ന് 7 പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. മുൻ മന്ത്രി വിജയഭാസ്കറിനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് കരൂർ കോടതിയിൽ വിജയഭാസ്കർ മുൻകൂർ ജാമ്യം നൽകിയെങ്കിലും രണ്ടുതവണ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ഇതിന് പിന്നാലെയാണ് എഐഎഡിഎംകെ നേതാവിനെ അറസ്റ്റ് ചെയ്യാൻ സിബിസിഐഡി പോലീസ് പ്രത്യേക സംഘം രൂപീകരിച്ചത്. കർണാടകയിലേക്കോ ആന്ധ്രയിലേക്കോ ഒളിവിൽ പോയിട്ടുണ്ടാകുമെന്ന സൂചനകൾ ലഭിച്ചിരുന്നു. ഇതിനിടെയാണ് എഐഎഡിഎംകെ നേതാവിനെ ഇന്ന് പുലർച്ചെ കേരളത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വിജയഭാസ്കറിനെ തമിഴ്നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കേരളത്തിലെ കോടതിയിൽ ഹാജരാക്കിയ ശേഷം വിജയഭാസ്കറിനെ കരൂർ ഭാഗത്തേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്.
Discussion about this post