ബെയ്ജിംഗ് : മുഖത്ത് വന്നിരുന്ന ഈച്ചയെ അടിച്ച് കൊന്ന യുവാവിന് കണ്ണ് നഷ്ടമായി. ചൈനയിലെ ഗ്വാംഗ്ഡോംഗ് പ്രവിശ്യയിലെ ഷെൻഷെൻ എന്ന പ്രദേശത്താണ് സംഭവം നടന്നത്. വു എന്നയാൾക്കാണ് ഈച്ചയെ കൊന്നതോടെ കണ്ണ് നഷ്ടപ്പെട്ടത്.
ഏറെ നേരം മുഖത്തിന് ചുറ്റും കറങ്ങി നടന്ന് ശല്യം ചെയ്ത ഈച്ച മുഖത്ത് വന്നിരുന്നപ്പോൾ വു അതിനെ സകല ദേഷ്യവുമെടുത്ത് അടിച്ച് കൊല്ലുകയായിരുന്നു. എന്നാൽ ഒരു മണിക്കൂറിന് ശേഷം അദ്ദേഹത്തിന്റെ ഇടം കണ്ണ് ചുവപ്പ് നിറമാവുകയും അസഹനീയമായ വേദന അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് കണ്ണിന് ചുറ്റും നീര് വന്നതോടെ അദ്ദേഹം ഡോക്ടറിന്റെ സഹായം തേടി. ചെങ്കണ്ണിന് സമാനമായ ലക്ഷണങ്ങൾ ആയതിനാൽ ഡോക്ടർ അതിനുളള മരുന്നാണ് നൽകിയത്. എന്നാൽ ദിവസങ്ങൾ പോകുന്തോറും കണ്ണിലെ പ്രശ്നം വർദ്ധിച്ചുവന്നു. അവസാനം കാഴ്ച നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ അദ്ദേഹം വീണ്ടും ഡോക്ടറെ സമീപിച്ചു. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് കണ്ണിൽ അണുബാധ കണ്ടെത്തിയത്.
ഈച്ചയെ അടിച്ച് കൊല്ലുന്നതിനിടെ അതിന്റെ സ്രവം കണ്ണിൽ വന്ന് പതിച്ചതാകാം അണുബാധയ്ക്ക് കാരണം എന്നാണ് ഡോക്ടർമാർ പറയുന്നത്. യുവാവിന്റെ കണ്ണിന് ചുറ്റും വ്രണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അണുബാധ ഗുരുതരമായിരിക്കുകയാണെന്നുമാണ് ഡോക്ടർമാർ പറഞ്ഞത്. വൈകുന്തോറും അണുബാധ തലച്ചോറിലേക്ക് വ്യാപിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കി. ഇതോടെ വു വിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ഡോക്ടർമാർ അദ്ദേഹത്തിന്റെ നേത്രഗോളം നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
വെള്ളത്തിൽ മുട്ടയിട്ട് പെരുകുന്ന ഡ്രെയ്ൻ ഈച്ചയാണ് വുവിന്റെ മുഖത്തു വന്നിരുന്നത്. കാഴ്ചയിൽ നിസാരക്കാരാണെങ്കിലും ഈ ഈച്ചകൾ അപകടകാരികളാണ്. ശരീരത്തിൽ എവിടെയെങ്കിലും ഇവ വന്നിരുന്നാൽ ഉടൻ ആ ഭാഗം കഴുകി വൃത്തിയാക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
Discussion about this post