തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിതീവ്ര മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 8 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് ഉള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ ശക്തമാകില്ല എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ രണ്ടു ജില്ലകളിലും നാളെ യെല്ലോ അലർട്ട് ആണുള്ളത്. സംസ്ഥാനത്ത് മൺസൂൺ പാത്തി സജീവമായി തുടരുകയാണ്. കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതാണ് കേരളത്തിൽ അതിതീവ്ര മഴയ്ക്ക് കാരണമാകുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ രൂക്ഷമായ മഴക്കെടുതിയാണ് നിലവിൽ നേരിടുന്നത്. കോഴിക്കോട് തൃശൂരും അടക്കമുള്ള വിവിധ ജില്ലകളിൽ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് പ്രദേശത്തെ മുഴുവൻ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. തൃശൂർ ജില്ലയിൽ പീച്ചി, വാഴാനി, പെരിങ്ങൽക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകൾ തുറന്നിട്ടുണ്ട്.
Discussion about this post