വയനാട് : വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് അനാഥരായ അമ്മമാരെ ദത്തെടുക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ച് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ബിജു അരപ്പുറ. രക്ഷിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാൻ നിരവധി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് വയനാട് ദുരന്തത്തിൽപ്പെട്ട് എല്ലാം നഷ്ടപ്പെട്ട അമ്മമാർ ആരെങ്കിലും ഉണ്ടെങ്കിൽ തനിക്ക് തരാമോ എന്ന ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഹിന്ദു ഐക്യവേദി നേതാവ് രംഗത്തെത്തിയത്.
”എനിയ്ക്ക് ഒരു അമ്മയെ തരുമോ ?
വയനാട് ദുരന്തത്തിൽപ്പെട്ട് എല്ലാം നഷ്ടപ്പെട്ട അമ്മമാർ ആരെങ്കിലും ഉണ്ടെങ്കിൽ എനിയ്ക്ക് തരാമോ ആ അമ്മയെ. കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ കാത്തുകൊള്ളാം. സ്നേഹിച്ച് കൊതിതീരും മുൻപ് ഞങ്ങളെ വിട്ടു പിരിഞ്ഞ എന്റെ അമ്മയെ പോലെ ഞാൻ നോക്കി കൊള്ളാം.”
ഇതോടൊപ്പം അദ്ദേഹം സ്വന്തം ഫോൺ നമ്പറും വിലാസവും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
എല്ലാം നഷ്ടപ്പെട്ട വയോധികരായവരെ ദത്തെടുക്കാൻ ആരുമില്ലെങ്കിൽ അവരെ ദത്തെടുക്കാൻ സന്നദ്ധത കാണിച്ച് നേരത്തെ നീതു ജയേഷ് എന്ന യുവതിയും രംഗത്തെത്തിയിരുന്നു. മക്കളും ഉറ്റവരും നഷ്ടപ്പെട്ട അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാൻ തങ്ങൾ തയാറാണെന്നാണ് നീതുവും ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post