ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയെ ഉടൻ മോചിതയാക്കുമെന്ന് ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ. 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് മുഹമ്മദ് ഷഹാബുദ്ദീന്റെ ഉത്തരവ്. പ്രതിപക്ഷ പാർട്ടി അംഗങ്ങളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ തലവനാണ് ഖാലിദ സിയ.
അതേസമയം, രാജിക്ക് ശേഷം രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തി. ഹിൻഡൺ എയർബേസിൽ എത്തിയതിനെ തുടർന്നാണ് കൂടിക്കാഴ്ച നടത്തിയത്. ബംഗ്ലാദേശിലെ പ്രതിസന്ധിയെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയതായാണ് വിവരം. ബംഗ്ലാദേശിലെ പ്രതിസന്ധിയെക്കുറിച്ചും തൻ്റെ ഭാവി നടപടികളെക്കുറിച്ചും ഷെയ്ഖ് ഹസീന ഡോവലുമായി ചർച്ച ചെയ്തു എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
രാജിവച്ച് ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത ഹസീന ഹിൻഡൻ വ്യോമതാവളത്തിലാണ് വിമാനം ഇറങ്ങിയത്. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തുമെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ത്യയിൽ ഹസീന അഭയം പ്രാപിക്കില്ല. ഇവിടെ നിന്നും ഉടൻ തന്നെ ലണ്ടനിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകൾ.
Discussion about this post