തിരുവനന്തപുരം : വയനാട്ടിലെ ദുരന്തബാധിതരായ കുട്ടികളെ ദത്ത് എടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങളാണ് വരുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹൃദയ വിശാലത കൊണ്ടാണ് ആളുകൾ ഇങ്ങനെ ചിന്തിക്കുന്നത് എന്നും അതിന് പ്രത്യേക നന്ദിയുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. എന്നാൽ നിലവിൽ വയനാട്ടിൽ കുട്ടികളെ ദത്ത് നൽകേണ്ട സാഹചര്യം ഇല്ല എന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ചുരുക്കം ചില കുഞ്ഞുങ്ങൾക്ക് മാത്രമാണ് അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ കുഞ്ഞുങ്ങൾ എല്ലാവരും തന്നെ ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ് ഉള്ളത്. അതിനാൽ തന്നെ ദത്ത് നൽകേണ്ട സാഹചര്യം വയനാട് ദുരന്തബാധിതരായ കുട്ടികളിൽ ഇല്ല എന്നും വീണ ജോർജ് അറിയിച്ചു.
അതേസമയം വയനാട് ദുരന്തബാധിതരുടെ താൽക്കാലിക പുനരധിവാസത്തിനായി ലഭ്യമായ കെട്ടിടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് മന്ത്രിസഭാ സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും ആണ് മന്ത്രിസഭാ സമിതി നിർദ്ദേശം നൽകിയിട്ടുള്ളത്. ത്രിതല പഞ്ചായത്ത് പരിധിയിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ, ക്വാർട്ടേഴ്സുകൾ, ഫ്ലാറ്റുകൾ, ഹോസ്റ്റലുകൾ എന്നിവ കണ്ടെത്തി എത്രയും പെട്ടെന്ന് വിവരം അറിയിക്കണം എന്നാണ് നിർദ്ദേശം.
Discussion about this post