തിരുവനന്തപുരം: ഏതാനും ദിവസങ്ങൾ മുൻപുവരെ സംസ്ഥാനത്ത് അതിശക്തമായ മഴയായിരുന്നു അനുഭവപ്പെട്ടിരുന്നത്. വടക്കൻ കേരളത്തിലെ അതിതീവ്രമഴ വയനാട്ടിൽ 400 ലധികം പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലിന് വരെ കാരണം ആയി. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ട്. ചിലയിടങ്ങൡ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നുണ്ട് എന്നതൊഴിച്ചാൽ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്നാൽ ഈ മാസം പകുതിയോടെ മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
ഓഗസ്റ്റ് – സെപ്തംബർ മാസത്തിൽ ലാ നിന പ്രതിഭാസം ശക്തമാകുമെന്നാണ് വിവരം. ഇത് നമ്മുടെ മൺസൂൺ കാലാവസ്ഥയെ സ്വാധീനിയ്ക്കും. ഇതുവഴി അതിതീവ്രമഴയായിരിക്കും ഈ ദിവസങ്ങളിൽ ലഭിക്കുക. മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായ സാഹചര്യത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന പ്രവചനം വലിയ ഭയമാണ് ആളുകളിൽ ഉണ്ടാക്കുന്നത്.
ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്ന പ്രതിഭാസം ആണ് ലാ നിന. രാജ്യത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഈ പ്രതിഭാസം മുൻ വർഷങ്ങളിലും ശക്തമായ മഴയ്ക്ക് കാരണം ആയിട്ടുണ്ട്. ഈ പ്രതിഭാസത്തിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ ശക്തമായി ലഭിച്ചിട്ടുണ്ട്. സമാനമായി ഈ വർഷവും മഴ ലഭിക്കും.
വയനാട് ഉരുൾപൊട്ടൽ മാത്രമല്ല ലാ നിനയെ മലയാളികൾ ഭയക്കാൻ കാരണം. 2018 ലും, 19 ലും ഈ സമയങ്ങളിൽ പെയ്ത മഴയായിരുന്നു കേരളത്തിൽ പ്രളയത്തിന് കാരണം ആയത്. സമാന സാഹചര്യം ഇക്കുറിയും ആവർത്തിക്കുമോ എന്നതാണ് ഭീതിയ്ക്കുള്ള മറ്റൊരു പ്രധാന കാരണം. മലയോരമേഖലകളിൽ ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്നുണ്ട്. മേഘവിസ്ഫോടനത്തിനും ഈ പ്രതിഭാസം കാരണമാകും.
Discussion about this post