ന്യൂഡൽഹി : ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങൾക്കുള്ള ദേശീയ പുരസ്കാരങ്ങൾ ആണ് ഇന്ന് പ്രഖ്യാപിക്കുക. 2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സെൻസർ ചെയ്ത ചിത്രങ്ങളെയായിരിക്കും ദേശീയപുരസ്കാരത്തിനായി പരിഗണിക്കുക. കന്നഡ താരം ഋഷഭ് ഷെട്ടിയും മലയാളത്തിൽ നിന്നും മമ്മൂട്ടിയും ഹിന്ദിയിൽ നിന്നും വിക്രാന്ത് മാസിയും ആണ് ദേശീയ പുരസ്കാരത്തിൽ മികച്ച നടൻ ആകാനുള്ള മത്സരത്തിലുള്ളത്.
2023ലെ ചിത്രങ്ങൾക്കാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കുന്നത്. 160 സിനിമകളാണ് ഈ വർഷം ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നത്. പിന്നീട് ജൂറി തിരഞ്ഞെടുത്ത 40 സിനിമകളിൽ നിന്നും അവസാനഘട്ടത്തിൽ മത്സരത്തിൽ ഉള്ളത് 10 സിനിമകൾ ആണ്. കാതൽ ദി കോർ, ആടുജീവിതം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങൾ തമ്മിലാണ് അവസാനഘട്ടത്തിൽ കടുത്ത മത്സരം നിലനിൽക്കുന്നത്. മികച്ച നടനുള്ള സ്ഥാനത്തിനായി മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലാണ് മത്സരം ഉള്ളത്. മികച്ച നടിയാകാൻ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും പാർവതി തിരുവോത്തും തമ്മിൽ കടുത്ത മത്സരവും നിലനിൽക്കുന്നുണ്ട്.
ദേശീയതലത്തിൽ കാന്താര എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടി പരിഗണിക്കപ്പെടുന്നത്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി പരിഗണിക്കപ്പെടുമ്പോൾ ഏറെ ശ്രദ്ധേയമായ ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസി മികച്ച നടനാകാൻ പരിഗണനയിൽ ഉള്ളത്.
Discussion about this post