പത്തനംതിട്ട: ശബരിമല സന്നിധാനത്ത് സൂക്ഷിച്ചിട്ടുള്ള കേടായ അരവണ വളമാക്കാൻ തീരുമാനം. ഇതിനായി അടുത്ത മാസത്തോടെ അരവണ സന്നിധാനത്ത് നിന്നും നീക്കും. ദേവസ്വം ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ആറര ലക്ഷത്തിലധികം ടിൻ കേടായ അരവണയാണ് നിലവിൽ സന്നിധാനത്ത് സൂക്ഷിച്ചിട്ടുള്ളത്.
ഏറ്റുമാനൂരിലേക്കാണ് വളമാക്കി മാറ്റുന്നതിനായി കൊണ്ടുപോകുക. ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് അരവണ വളമാക്കി മാറ്റാൻ കരാർ എടുത്തിട്ടുള്ളത്. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ വേണം അരവണ നശിപ്പിക്കേണ്ടത് എന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് അരവണ വളമാക്കാൻ തീരുമാനിച്ചത്.
6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത് എന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. അരവണയിൽ ഉപയോഗിക്കുന്ന ഏലക്കയിൽ മാരക വിഷാംശമുള്ള കീടനാശിനിയുടെ അംശമുള്ളതായി ആരോപണം ഉയർന്നിരുന്നു. ഇതോടെ ഹൈക്കോടതി ഇതിന്റെ വിൽപ്പന തടയുകയായിരുന്നു. എന്നാൽ കീടനാശിനിയുടെ അംശം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് തള്ളിപ്പോകുകയും ചെയ്തു. അപ്പോഴേയ്ക്കും അരവണയും കേടായി.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി വേണം അരവണ നശിപ്പിക്കാൻ എന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ഇതോടെയാണ് വളമാക്കാനുള്ള തീരുമാനം ആയത്. ഒന്നേകാൽ കോടി രൂപയ്ക്കാണ് ഏറ്റുമാനൂർ ആസ്ഥാനമാക്കിയുള്ള കമ്പനി കരാർ ഏറ്റെടുത്തിരിക്കുന്നത്.
Discussion about this post