കൊല്ലം: ബി.എസ്.എൻ.എൽ. റിട്ട. അസിസ്റ്റന്റ് ജനറൽ മാനേജർ സി. പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പാപ്പച്ചന്റേതല്ലാത്ത അക്കൗണ്ടുകളിൽനിന്ന് ബാങ്ക് മാനേജർ സരിത തട്ടിയെടുത്തത് അരക്കോടിയിലേറെ രൂപ.
കൊല്ലം കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനുസമീപം പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിലെ എട്ട് അക്കൗണ്ടുകളിൽനിന്നായാണ് അറുപതുലക്ഷം രൂപ സരിത തട്ടിയെടുത്തതായി കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ. എൽ.അനിൽകുമാറാണ് വിവരം പുറത്ത് വിട്ടത്. അതേസമയം സരിത നടത്തിയ ക്രമക്കേട് ഓഡിറ്റിങ്ങിൽ കണ്ടെത്തിയ സ്ഥാപനം എല്ലാവരുടെയും അക്കൗണ്ടിൽ പണം ഉടൻതന്നെ അടപ്പിച്ച് പ്രശ്നം പരിഹരിച്ചിരിന്നു.
സ്ഥിരനിക്ഷേപം ഉയർത്തിയാൽ കൂടുതൽ പലിശകിട്ടുമെന്നും കൂടാതെ തനിക്ക് ലഭിക്കുന്ന ഇൻസെന്റീവ് നൽകാമെന്നും വാഗ്ദാനം ചെയ്ത് പാപ്പച്ചനെക്കൊണ്ട് വായ്പ എടുപ്പിച്ചിരുന്നു. എന്നാൽ ഉറപ്പുനൽകിയതുപോലെ ഈ പണം അക്കൗണ്ടിൽ കാണാതെവന്നതിനെ തുടർന്നാണ് പാപ്പച്ചൻ സരിതയോടുതന്നെ പരാതി പറഞ്ഞത്. ഇതേത്തുടർന്നാണ് പാപ്പച്ചനെ ഇല്ലാതാക്കാൻ അനൂപുമൊത്ത് സരിത ഗൂഢാലോചന നടത്തിയത്.
Discussion about this post