എറണാകുളം : ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്തിൽ അടുത്തകാലത്തായിവലിയ കുറവ് വന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ പ്രതിഫലനമായി ദുബായിലെ സ്വർണ്ണ വ്യാപാരത്തിൽ 20 ശതമാനത്തിലധികം ഇടിവ് വന്നിട്ടുമുണ്ട്. എന്നാൽ കേരളത്തിലെ സ്വർണാഭരണ വിപണിയിൽ വലിയ ഉണർവാണ് കഴിഞ്ഞ ഏതാനും നാളുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കേന്ദ്രബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും 6 ശതമാനം ആക്കി കുറച്ചതോടെയാണ് സ്വർണ്ണത്തിന്റെ കള്ളക്കടത്തിൽ വലിയ കുറവ് വന്നത്. നേരത്തെ ഒരു കിലോ സ്വർണം കള്ളക്കടത്തായി രാജ്യത്തെത്തുമ്പോൾ 9 ലക്ഷം രൂപയിൽ അധികമായിരുന്നു കള്ളക്കടത്തുകാർക്ക് വരുമാനം ഉണ്ടായിരുന്നത്. എന്നാൽ ഇറക്കുമതി തീരുവയിൽ വലിയ വ്യത്യാസം വന്നതോടെ ലഭിച്ചിരുന്ന ലാഭം മൂന്നുലക്ഷം രൂപയിൽ താഴെ മാത്രമായി കുറഞ്ഞു.
ലാഭത്തിൽ വലിയ കുറവ് വന്നതോടെ പല കള്ളക്കടത്തുകാരും ഈ മേഖലയിൽ നിന്നും പിന്മാറുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുബായിൽ നിന്നും കേരളത്തിലേക്ക് സ്വർണ്ണം കൊണ്ടുവന്ന് വിൽപ്പന നടത്തുമ്പോൾ ഒരു പവന് 5000 രൂപയ്ക്കടുത്തായിരുന്നു ലാഭം ലഭിച്ചിരുന്നത്. ഇപ്പോൾ ഇത് 1000 രൂപയിൽ താഴെ മാത്രമായി കുറഞ്ഞു. ഇതോടെ സ്വർണത്തിന്റെ ഇറക്കുമതിയും വളരെയധികം കുറഞ്ഞു. ഇതോടൊപ്പം തന്നെ യുഎഇ പോലുള്ള രാജ്യങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിലും വലിയ കുറവ് വന്നിട്ടുണ്ട് എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post