എറണാകുളം: സിനിമാ നിർമാതാക്കളുടെ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. വനിതാ നിർമാതാക്കൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് നടത്തിയ ചർച്ചകൾ പ്രഹസനമാണെന്ന് സാന്ദ്ര തോമസ് കുറ്റപ്പെടുത്തി. ബാഹ്യ സംഘടനകളാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിയന്ത്രിക്കുന്നതെന്നും അവർ ആരോപിച്ചു.
‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മേൽ ഞങ്ങൾ സമ്മർദ്ദം ചെലുത്തിയിരുന്നതാണ്. ഇതേക്കുറിച്ച് ചർച്ച ചെയ്യണമെന്നും പ്രതികരിക്കണമെന്നും ഞങ്ങൾ പറഞ്ഞതാണ്. എന്നാൽ, ഇത് നമ്മൾ ചർച്ച ചെയ്യേണ്ട വിഷയമല്ല, പ്രതികരിക്കേണ്ട ആവശ്യമില്ല എന്നതായിരുന്നു അവരുടെ നിലപാട്. ഇതോടെയാണ് ഞങ്ങൾ ശക്തമായി പ്രതിഷേധിച്ചത്.
നിർമാതാക്കളുടെ ഭാഗത്ത് നിന്നും ഒരു കത്ത് മുഖ്യമന്ത്രിക്ക് കൊടുത്തിരുന്നു. ഞങ്ങളോട് പറയാതെയാണ് അങ്ങനെയൊരു കത്ത് മുഖ്യമന്ത്രിക്ക് എത്തിയത്. മുഖ്യമന്ത്രിക്ക് ഒരു കത്തെന്നാൽ, നമ്മുടെ ഓരോരുത്തരുടെയും അഭിപ്രായമെന്ന നിലയിലാണ് അത് എത്തുന്നത്. എന്നാൽ, അത് ഒരു ഭാഗത്തിന്റെ മാത്രം അഭിപ്രായമായിരുന്നു. ഇടക്കിടെ പത്രക്കുറിപ്പ് ഇറക്കുന്നുവെന്നല്ലാതെ, കൃത്യമായി പ്രതികരിക്കാൻ നിർമാതാക്കൾ ആരും ഇതുവരെ തയ്യാറായിട്ടില്ല. പ്രതികരിക്കാൻ സംഘടന ഭയപ്പെടുകയാണ്. അതിനെയാണ് ഞങ്ങൾ ചോദ്യം ചെയ്തത്’- സാന്ദ്ര തോമസ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് തങ്ങളുടെ വിഷയമല്ല എന്ന് പറഞ്ഞ് മാറി നിൽക്കുമ്പോഴും നിവിൻ പോളിയുടെ ഒരു വിഷയം വന്നപ്പോൾ മണിക്കൂറുറുകൾക്കകം നിർമാതാക്കളുടെ സംഘടന പത്രക്കുറിപ്പ് പുറത്തിറക്കിയത്. അതിനർത്ഥം താരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നാണ്. അമ്മ സംഘടയുടെ ഉപസംഘടനയാണോ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നും സാന്ദ്ര തോമസ് ചോദിച്ചു.
Discussion about this post