പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ അധിക ലഗേജിന് ചാര്‍ജ് വാങ്ങിയ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനെതിരെ വിമര്‍ശനവുമായി തീവ്ര ഇസ്ലാം മതപ്രഭാഷകനായ സാക്കിര്‍ നായിക് . ലഗേജിനുള്ള ചാര്‍ജിന് 50 ശതമാനം ഡിസ്കൗണ്ട് എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സാക്കിര്‍ നായിക് ഇത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് സാക്കിര്‍ നായിക് ഇന്ത്യയേയും പാകിസ്ഥാനേയും താരതമ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു.
” ഞാന്‍ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ സിഇഒയുമായി സംസാരിച്ചിരുന്നു. എനിക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്തുതരാം എന്ന് അദ്ദേഹം പറഞ്ഞു. ഒരു 500-600കിലോഗ്രാം അധിക ലഗേജ് ഉണ്ടായിരുന്നു. എന്നാല്‍ ലഗേജ് ചാര്‍ജിന് 50 ശതമാനം ഡിസ്കൗണ്ട് അനുവദിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതുവേണ്ട. എനിക്ക് 100 ശതമാനം ഡിസ്കൗണ്ട് അനുവദിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലായിരുന്നുവെങ്കില്‍ അമുസ്ലീം ആയ ഉദ്യോഗസ്ഥര്‍ സൗജന്യമായി എന്നെ പോകാന്‍ അനുവദിക്കും,” സാക്കിര്‍ നായിക് പറഞ്ഞു.
” ഈ സര്‍ക്കാരിന്റെ അതിഥിയായി എത്തിയതാണ് ഞാന്‍. അക്കാര്യം എന്റെ വിസയിലും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പിഐഎയുടെ സിഇഒ പറയുന്നു ലഗേജിന് 50 ശതമാനം ഡിസ്കൗണ്ട് തരാമെന്ന്. എനിക്ക് നിങ്ങളുടെ ഡിസ്കൗണ്ട് വേണ്ട. ഇവിടേക്ക് വന്നതില്‍ ഞാനിന്ന് ഖേദിക്കുന്നു,” സാക്കിര്‍ നായിക് പറഞ്ഞു.
നിലവില്‍ മലേഷ്യയില്‍ താമസിക്കുന്ന സാക്കിര്‍ നായിക് ഒരുമാസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായാണ് കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെത്തിയത്.
കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിരവധി കേസുകളില്‍ ഇന്ത്യ തിരയുന്ന പ്രതിയാണ് സാക്കിര്‍ നായിക്ക്. 2016 ജൂലായിലുണ്ടായ ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്നാണ് നടപടി ആരംഭിച്ചത്. സംഭവത്തില്‍ കുറ്റവാളികളായവരില്‍ ഒരാള്‍ സാക്കിര്‍ നായികിന്റെ യൂട്യൂബ് ചാനലിലെ പ്രഭാഷണങ്ങള്‍ സ്വാധീനിച്ചതായി സമ്മതിച്ചിരുന്നു.
2016 മുതല്‍, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി കേസെടുത്തതിന് ശേഷം സാക്കിര്‍ നായിക് മലേഷ്യയിലാണ് താമസിക്കുന്നത്.സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും മലേഷ്യ ഇതുവരെ വഴങ്ങിയിട്ടില്ല.
Discussion about this post