എറണാകുളം: യാക്കോബായ സഭ അദ്ധ്യക്ഷനും ശ്രേഷ്ഠ കതോലിക്കയുമായ അബുൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. 95 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം.
കഴിഞ്ഞ ആറ് മാസമായി അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉണ്ടായി. ഇത് പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെ വൈകീട്ട് 5.21 ഓടെ മരണം സംഭവിക്കുകയായിരുന്നു.
യാക്കോബായ സഭയുടെ അഭിമാനമായ പുത്തൻകുരിശ് പത്രിയർക്കാസെന്ററിന്റെ സ്ഥാപകനാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവ. പുത്തൻകുരിശ് കൺവെൻഷന് തുടക്കമിട്ടതും അദ്ദേഹമാണ്. നിരവധി പള്ളികളും വിദ്യാലയങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. സഭയുടെ അവകാശ പോരാട്ടങ്ങളിൽ സജീവമായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവ.
1929 ജൂലൈ 22 നായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ജനനം. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയമ്പാടിയിൽ ചെറുവിള്ളിൽ കുടുംബത്തിലെ മത്തായി- കുഞ്ഞാമ്മ ദമ്പതികളുടെ മകനാണ്. ദാരിദ്ര്യത്തെ തുടർന്ന് നാലാം ക്ലാസിൽ പഠനം നിർത്തിയ അദ്ദേഹം പോസ്റ്റൽ ഡിപ്പാർട്മെന്റിൽ അഞ്ചലോട്ടക്കാരനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1958 ൽ ആയിരുന്നു അദ്ദേഹത്തിന് വൈദികപട്ടം ലഭിച്ചത്.
Discussion about this post