ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിൽ ഒന്നാണ് റയൽ മാഡ്രിഡ് (Real Madrid). യൂറോപ്പിനെ അല്ലെങ്കിൽ ലോക ഫുട്ബോളിൽ തന്നെ ഇപ്പോഴും അടക്കി വാഴുന്ന റോയൽ റയലിന്റെ ചരിത്രത്തെ കുറിച്ച് അറിയാം.
റയല്‍ മാഡ്രിഡ് എന്ന ക്ലബ്ബ് ഒരു പക്ഷെ ഒരു ഫുട്ബോള്‍ ക്ലബ്ബിന് സാധ്യമായതെല്ലാം നേടിയിട്ടുണ്ട്.. 36 ലാലിഗ (La Liga) കിരീടങ്ങള്‍, 20 കോപ്പ ഡെല്‍ റേ ട്രോഫികള്‍, 13 സൂപ്പർ കോപ്പ ഡെ എസ്പാനാ, 15 ചാമ്പ്യന്‍സ് ലീഗുകള്‍ (Champions League), 6 യുവേഫ (UEFA) സൂപ്പർ കപ്പുകൾ, 2 യുവേഫ കപ്പുകള്‍, 5 ഫിഫ ക്ലബ്ബ് വേൾഡ് കപ്പുകൾ (Fifa Club World Cup) എന്നിങ്ങനെ ഒട്ടനവധി കിരീടങ്ങൾ റയൽ അവരുടെ ഷെൽഫിൽ എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എക്കാലത്തെയും മികച്ച ഫുട്ബോള്‍ ക്ലബ്ബിനായുള്ള മത്സരത്തില്‍ റയലിനെ തോല്‍പ്പിക്കാന്‍ മറ്റൊരു ക്ലബ്ബ് ഇല്ലെന്ന് തന്നെയാണ് ഈ കണക്കുകളും വ്യക്തമാക്കുന്നത്.
റയലിന്റെ റോയൽ ചരിത്രത്തിലേക്ക് കടക്കാം
1897 ല്‍ മാഡ്രിഡില്‍ രൂപീകരിച്ച ഫുട്ബോള്‍ ക്ലബ്ബ് സ്കൈയില്‍ നിന്നാണ് റയല്‍ മാഡ്രിഡ് വളര്‍ന്നത്. 1902 ലാണ് ക്ലബ്ബ് സ്ഥാപിതമായതെങ്കിലും ആദ്യ പേര് മാഡ്രിഡ് ഫുട്ബോള്‍ ക്ലബ്ബ് എന്നായിരുന്നു. റയലിന്റെ ആദ്യ പ്രസിഡന്റായ ജൂലിയന്‍ പലാസിയോസിനോടൊപ്പം ജുവാന്‍ പാഡ്രോസ്, കാര്‍ലോസ് പാഡ്രോസ് എന്നിവരാണ് ക്ലബ്ബ് രൂപീകരിക്കുന്നതില്‍ അന്ന് ചുക്കാന്‍ പിടിച്ചത്. പേര് നിര്‍ദ്ദേശിച്ചതാകട്ടെ പാഡ്രോസ് സഹോദരന്മാരും. അവര്‍ ഫുട്ബോളിനെ ഒരു ബഹുജന കായിക വിനോദമായി വീക്ഷിച്ചു. അത് എല്ലാ സാമൂഹിക വിഭാഗങ്ങളുടെയും പ്രതിനിധികള്‍ക്ക് ആക്സ്സ് ചെയ്യാവുന്നതുമാണ്. ക്ലബ്ബിന്റെ ജേഴ്സിയുടെ നിറം വെള്ളയായി അവര്‍ തിരഞ്ഞെടുക്കുകയും ചെയ്തു.
ക്ലബ്ബ് സ്ഥാപിതമായി മൂന്ന് വര്‍ഷത്തിന് ശേഷം 1905 ല്‍ മാഡ്രിഡ് എഫ് സി അവരുടെ ആദ്യ കിരീടം നേടി. സ്പാനിഷ് കപ്പായിരുന്നു അവരുടെ ആദ്യ കിരീടം. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടങ്ങോട്ട് അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടിയേ വന്നിട്ടില്ല. 1909-ല്‍ അവര്‍ റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനില്‍ ചേരുകയും ചെയ്തു.
1920 ല്‍ അല്‍ഫോന്‍സോ പതിമൂന്നാമന്‍ രാജാവ് മാഡ്രിഡ് എഫ് സിക്ക് റോയല്‍ പദവി നല്കി.. അതിനുശേഷമാണ് ക്ലബ്ബിന്റെ പേര് റയല്‍ മാഡ്രിഡായി മാറിയത്. റോയല്‍ എന്നതിന്റെ സ്പാനിഷാണ് റയല്‍. 1929-ലാണ് ആദ്യത്തെ സ്പാനിഷ് ഫുട്ബോള്‍ ലീഗ് സ്ഥാപിതമായത്. 1931-32 സീസണില്‍ റയല്‍ അവരുടെ ആദ്യ ലീഗ് കിരീടം നേടുകയും അടുത്ത വര്‍ഷം അത് നിലനിര്‍ത്തുകയും ചെയ്തു.
ഇതിനിടയില്‍ 1931 ഏപ്രില്‍ 14-ന് രണ്ടാം സ്പാനിഷ് റിപ്പബ്ബിക്കിന്റെ വരവ് ക്ലബ്ബിന് റയല്‍ എന്ന പദവിയും അവരുടെ ചിഹ്നത്തിലെ രാജകീയ കിരീടവും നഷ്ടപ്പെടുത്തി. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ അവസാനം വരെ മാഡ്രിഡ് ഫുട്ബോള്‍ ക്ലബ്ബ് എന്ന് തന്നെ പിന്നീട് അറിയപ്പെട്ടു.
ഇനി സാന്റിയാഗോ ബെര്‍ണബ്യൂവിന്റെ വരവ്..
റയലിന്റെ ചരിത്ര ഏടുകളില്‍ എടുത്ത് പറയേണ്ട ഒരു പേരാണ് സാന്റിയാഗോ ബെര്‍ണബ്യൂ. അദ്ദേഹം 1943-ല്‍ റയലിന്റെ പ്രസിഡന്റായി. അദ്ദേഹം വരുന്നതുവരെ റയല്‍ പല പല സ്റ്റേഡിയങ്ങളിലാണ് കളിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ ആഭ്യന്തരയുദ്ധത്തിനുശേഷം ക്ലബ്ബ് പുനര്‍നിര്‍മ്മിച്ചു. ക്ലബ്ബ് അപ്പോള്‍ കളിച്ചുകൊണ്ടിരുന്ന സ്റ്റേഡിയമായ എസ്റ്റാഡിയോ റിയല്‍ മാഡ്രിഡ് ക്ലബ്ബ് ഡി ഫുട്ബോളിന്റെ നിര്‍മ്മാണത്തിന് അദ്ദേഹം മേല്‍നോട്ടം വഹിച്ചു. ആ സ്റ്റേഡിയമാണ് എസ്റ്റാഡിയോ സാന്റിയാഗോ ബെര്‍ണബ്യൂ ആയി മാറിയത്. സ്പാനിഷ് ഫുട്ബോളിലും യൂറോപ്യന്‍ ഫുട്ബോളിലും റയല്‍ ഒരു പ്രധാന ശക്തിയായി നിലയുറപ്പിച്ചത് ബെര്‍ണബ്യൂവിന്റെ നേതൃത്വത്തിലായിരുന്നു. അതെങ്ങനെയെന്നല്ലെ പറയാം.
1955-ല്‍ ഫ്രഞ്ച് സ്പോര്‍ട്ടസ് ജേണലിസ്റ്റും എല്‍ക്വിപ്പിന്റെ എഡിറ്ററുമായ ഗബ്രിയേല്‍ ഹനോട്ട് ഒരു ആശയം നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ബെര്‍ണാബ്യൂവിന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍ കപ്പ് എന്നൊരു ടൂര്‍ണമെന്റ് ഉണ്ടാക്കി. യൂറോപ്പിലെ ലീഗ് ചാമ്പ്യന്മാര്ക്കായുള്ള ഒരു കോണ്ടിനെന്റല് ടൂര്‍ണമെന്റ്. ആ ടൂര്‍ണമെന്റാണ് ഇന്ന കാണുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗായി മാറിയത്. ഈ കാലത്ത് ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ ചാമ്പ്യന്‍സ് ലീഗ് ഉണ്ടാക്കുന്ന ഓളം ചെറുതല്ല. അത്രക്കൊരു സ്വാധീനമായണ് ബെര്‍ണബ്യൂ റയലിനും യൂറോപ്പ്യന്‍ ഫുട്ബോളിനും ചെലുത്തിയത്.
1956നും 1960 നും ഇടയില്‍ ക്ലബ്ബ് തുടര്‍ച്ചയായി അഞ്ച് തവണ യൂറോപ്യന്‍ കപ്പ് നേടി. ഈ നേട്ടത്തോടെ യുവേഫ ബാഡ്ജ് ഓഫ് ഓണറും അവരെ തേടിയെത്തി. റയല്‍ യൂറോപ്പിനെ അടക്കി വാഴാന്‍ തുടങ്ങി. 1953-54 മുതല്‍ 1968-69 വരെ നടന്ന പതിനാറ് ലീഗ് കിരീടങ്ങളില്‍ പന്ത്രണ്ടിലും അവര്‍ വിജയം നേടി. കിരീടങ്ങള്‍ വാരിക്കൂട്ടന്നതോടൊപ്പം അവരോടുള്ള ആരാധക പിന്തുണയും വര്‍ദ്ധിച്ചുവന്നു. 1978 ല്‍ ക്ലബ്ബിന് മഹത്തരമായ ചരിത്രം സമ്മാനിച്ച സാന്റിയാഗോ ബെര്‍ണബ്യൂ അന്തരിച്ചു. ഏകദേശം 35 വര്‍ഷത്തോളം കാലമാണ് അദ്ദേഹം ക്ലബ്ബിന്റെ പ്രസിഡന്റായി ചുമതല വഹിച്ചത്.
80 കളുടെ തുടക്കത്തില്‍ റയല്‍ കുറച്ച് പിറകോട്ട് പോയി. എന്നാല്‍ റയല്‍ അക്കാദമിയില്‍ വളര്‍ന്ന് അഞ്ച് താരങ്ങളുടെ പിന്‍ബലത്തില്‍ അവര്‍ ശക്തമായി തിരിച്ചു വന്നു. എമിലിയോ, മനോലോ സാഞ്ചിസ്, മാര്ട്ടിന് വാസ്ക്വസ്, മിഷേല്‍, മിഗ്വല്‍ പര്‍ദേസ എന്നിവരായിരുന്നു ആ അഞ്ച് താരങ്ങള്‍. ഈ തലമുറയെ അന്നത്തെ സ്പാനിഷ് സ്പോര്‍ട്ടസ് ജേണലിസ്റ്റായ ജൂലിയോ സീസര്‍ ഇഗ്ലേഷ്യസ് ഒരു പേരും നല്കി.. ലാ ക്വിന്റാ ഡെല്‍ ബ്യൂട്ടേ അഥവാ വള്‍ച്ചേഴ്സ് കോഹോര്‍ട്ട് എന്നായിരുന്നു.
80 കളുടെ രണ്ടാം പകുതിയില്‍ രണ്ട് യുവേഫ കപ്പുകള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി അഞ്ച് സ്പാനിഷ് കപ്പുകള്‍ റയല്‍ നേടി. 90 കളുടെ തുടക്കത്തിലും റയലിന് തകര്‍ച്ചയായിരുന്നു. ലാ ക്വിന്റ ഡെല്‍ ബ്യൂട്ടെ എന്ന സഖ്യം പിരിഞ്ഞു. ഈ സമയത്താണ് ഇതിഹാസ സ്ട്രൈക്കര്‍ റൗളിന്റെ വരവ്. അദ്ദേഹത്തിന്റെ വരവ് റയലിന്റെ നില മെച്ചപ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്. അവര്‍ രണ്ട് ലാലിഗ കിരീടങ്ങളും, ഒരു കോപ്പ ഡെല്‍ റേ ട്രോഫിയും നേടി. 1997-98 ല്‍ നീണ്ട 32 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് അവര്‍ അവരുടെ ഏഴാമത്തെ യൂറോപ്യന്‍ കപ്പും നേടി. 99-2000ത്തില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വലന്‍സിയെ തോല്‍പ്പിച്ച് അവര്‍ അത് നിലനിര്‍ത്തി.
ഇനി ഇപ്പോഴത്തെ പ്രിസിഡന്റ് ഫ്ലോറന്റിനോ പെരെസിന്റെ ആദ്യ വരവായിരുന്നു. അദ്ദേഹം 2000 ജൂലൈയില്‍ റയല്‍ പ്രസിഡന്റായി തിരിഞ്ഞെടുക്കപ്പെട്ടു. അന്നത്തെ ക്ലബ്ബിന്റെ കടമായ 270 മില്യണ്‍ യൂറോ ഇല്ലാതാക്കുമെന്നും ക്ലബ്ബിന്റെ സൗകര്യങ്ങള്‍ നവീകരിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. ഇത് ആരാധകരെ ആവേശത്തിലാഴ്ത്തി. എന്നാല്‍ അവരുടെ ചിരവൈരികളായ ബാഴ്സലോണയില്‍ നിന്ന് ഇതിഹാസതാരമായ ലൂയിസ് ഫിഗോയെ ടീമിലേക്ക് കൊണ്ടുവന്നതാണ് അദ്ദേഹത്തിന്റെ നിര്‍ണ്ണായക നീക്കം. എല്ലാ സീസണിലും ഓരോ ഗോള്‍ഡന്‍ സ്റ്റാറിനെ പെരെസ് സൈന്‍ ചെയ്തു. അതില്‍ പ്രധാനികളായിരുന്നു സിനദീന്‍ സിദാന്, റൊണാള്‍ഡോ, ലൂയിസ് ഫിഗോ, ഡേവിഡ് ബെക്കാം, ഫാബിയോ കന്നവാരോ എന്നിവര്‍. ഈ സൈനിംഗങ്ങുകളിലൂടെ റയലിന്റെ ഗാലക്റ്റിക്കോസ് യുഗത്തിന് തുടക്കമായി.
പക്ഷെ ഈ ഇതിഹാസങ്ങളെയെല്ലാം കൊണ്ട് വന്നിട്ടും റയല്‍ വിജയിച്ചോ എന്ന് ചോദിച്ചാല്‍ അത് ഇപ്പോഴും ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. കാരണം ആ സമയത്ത് 2002 ല്‍ യൂവേഫ ചാമ്പ്യന്‍സ് ലീഗും ഇന്ര്കോണ്ടിനെന്റല് കപ്പും 2003 ല്‍ ലാലിഗയും നേടിയിട്ടും അടുത്ത മൂന്ന് സീസണുകളില്‍ അവര്‍ക്കൊരു വലിയൊരു ട്രോഫി നേടുന്നതില്‍ പരാജയപ്പെട്ടു.
2003ല്‍ ലാലിഗ നേടിയിട്ടും അന്നത്തെ പരിശീലകനായ വിസെന്റെ ഡെല്‍ ബോസ്കിനെ പെരസ് പുറത്താക്കിയത് വന്‍ വിവാദമായി. മാഡ്രിഡ് ക്യാപ്റ്റന്‍ ഫെര്‍ണാണ്ടോ ഹിയേരോ ഉള്‍പ്പെടെ ഒരു ഡസനിലധികം കളിക്കാര്‍ ക്ലബ്ബ് വിട്ടു. 2005 ല്‍ സ്വന്തം മൈതാനത്തില്‍ ബാഴ്സലോണയോട് 3 ഗോളിന്റെ തോല്‍വി ഉള്‍പ്പെടെ ചില മോശം ഫലങ്ങള്‍ ക്ലബ്ബ് ഏറ്റ് വാങ്ങേണ്ടി വന്നു. പരിശീലകരേയും മാറ്റി മാറ്റി പരീക്ഷിച്ചു. പക്ഷെ വിജയം കണ്ടില്ല. വലിയ തോല്‍വികള്‍ ഇതിഹാസ ക്ലബ്ബ് നേരിടേണ്ടി വന്നു. 2006 ഫെബ്രുവരി 27-ന് ഫ്ലോറന്റിനോ പെരസ് രാജിവച്ചു. ക്ലബ്ബ് പ്രസിഡന്റ് മാറി വന്നിട്ടും റയലിനെ രക്ഷിക്കാനായില്ല. ചാമ്പ്യന്‍സ് ലീഗിലും വിജയിക്കാനാകാതെ പുറത്തായി കൊണ്ടേയിരുന്നു.
2009 ല്‍ ഫോറന്റിനോ പെരെസിന്റെ രണ്ടാം അങ്കത്തിന് തുടക്കമായി. അദ്ദേഹം പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിച്ചു. തന്റെ ആദ്യ ടേമില്‍ പിന്തുടര്‍ന്ന ഗാലക്റ്റിക്കോസ് നയം തുടര്‍ന്നു. മിലാനില്‍ നിന്ന് കാക്കയെയും യുണൈറ്റഡില്‍ നിന്ന് സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും (Cristiano Ronaldo) റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങി. ഇത് രണ്ടാം ഗാലക്റ്റിക്കോസ് എന്ന് വിളിക്കപ്പെട്ടു. എന്നിട്ടും അവര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് നേടാനായില്ല.
2010 ല്‍ ഇതിഹാസ പരിശീലകനായ ഹോസെ മൗറീഞ്ഞോ റയലിന്റെ മാനേജരായി ചുമതലയേറ്റു. അദ്ദേഹം ടീമിനെ പുനര്‍നിര്‍മ്മിച്ചു. എല്ലാ കിരീടപോരാട്ടത്തിലും അവര്‍ ശക്തമായി പൊരുതി. 2011-12 സീസണില്‍ അവര്‍ അവരുടെ ചരിത്രത്തിലെ 32-ാം ലാ ലിഗ നേടി. ക്രിസ്റ്റ്യാനോ റോണാള്‍ഡോ എല്ലാ സീസണിലും ഗോളടി തുടര്‍ന്നുകൊണ്ടേയിരുന്നു. സ്പാനിഷ് ലീഗ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 100 ഗോളുകള്‍ നേടുന്ന താരമായി അദ്ദേഹം മാറി. പക്ഷെ ചാമ്പ്യന്‍സ് ലീഗ് നേടാന്‍ അവര്‍ക്കായില്ല.. അതുകൊണ്ട് തന്നെ പരസ്പര ഉടമ്പടി പ്രകാരം ജോസ് മൗറീഞ്ഞോ റയല്‍ നിന്ന് വിടവാങ്ങി.
ഇനിയാണ് പഴയ റയല്‍ രാജകീയമായി വരുന്നത്.. അവരുടെ ആധിപത്യം.
2013 ജൂണ്‍ 25 ന് കാര്‍ലോ ആന്‍സലോട്ടി മൗറീഞ്ഞോയുടെ പിന്‍ഗാമിയായി വന്നു. മൂന്ന് വര്‍ഷത്തെ കരാറില്‍ അദ്ദേഹം റയലിന്റെ മാനേജരായി. സിദാനെ അദ്ദേഹത്തിന്റെ സഹായികളിലൊരാളായി തിരഞ്ഞെടുത്തു. 2013 ല്‍ റെക്കോര്‍ഡ് തുകയ്ക്ക് ഗാരെത് ബെയ്ലിനെ ടീമിലെത്തിച്ചു. പിന്നീടാണ് നിര്‍ണായക വഴിത്തിരവ്.
യുവേഫ ചാമ്പ്യന്‍സ് ലീഗിലെ സെമി ഫൈനലില്‍ ബയേണ്‍ മൂണിക്കിനെ 5-0 ന് തകര്‍ത്ത് നീണ്ട 12 വര്‍ഷത്തിന് ശേഷം അവര്‍ ഫൈനലിലേക്ക് മടങ്ങിയെത്തി. ഫൈനലില്‍ അവര്‍ അത്ലറ്റിക്കോ മാഡ്രിഡിനെ 4-1 ന് തോല്‍പ്പിച്ച് അവരുടെ പത്താം യൂറോപ്യന്‍ കപ്പ് നേടി. അതോടെ പത്ത് യൂറോപ്യന്‍ കപ്പ് അഥവാ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ (UEFA Champions Legaue) നേടുന്ന ആദ്യ ടീമായി അവര്‍ മാറുകയും ചെയ്തു. ഈ നേട്ടം ലാ ഡെസിമ അഥവാ ദ ടെന്ത് എന്നറിയപ്പെടുന്നു. റയലിന്റെ അന്നത്തെ ആക്രമണ നിരയെ നമ്മുക്ക് എല്ലാവര്ക്കും അറിയാം. എവര്‍ഗ്രീന്‍ കോംബോ. ബെയ്ല്, ബെന്‍സിമ, ക്രിസ്റ്റിയാനോ. ഈ കോംബോയെ പിന്നീട് ബിബിസി (BBC) എന്ന വിളിക്കപ്പെട്ടതും നമുക്ക് എല്ലാവര്ക്കും അറിയാം.
തുടര്‍ന്ന് പല ഇതിഹാസ കളിക്കാരും ടീമിലേക്ക് വന്നു. പക്ഷെ 2014 ല്‍ ടീമിന്റെ അഭിഭാജ്യ ഘടകമായ രണ്ട് കളിക്കാരെ വിറ്റത് അന്ന് വലിയ വിവാദമായിരുന്നു. സാബി അലോന്‍സോയും ഏഞ്ചല്‍ ഡി മരിയയുമായിരുന്നു ആ രണ്ട് കളിക്കാര്‍. അതിന് ശേഷം റൊണോള്‍ഡോ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ച നേടിയിരുന്നു…
ഞാനാണ് ക്ലബ്ബിന്റെ ചുമതല വഹിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുമായിരുന്നു എന്നാണ് സിആര്‍7 പറഞ്ഞത്. ഇത് കോച്ച് ആന്‍സലോട്ടി (Carlo Ancelotti) സമ്മതിക്കുകയും ചെയ്തു. നമ്മള് പൂജ്യത്തില്‍ നിന്ന് വീണ്ടും ആരംഭിക്കണമെന്നാണ് ആന്‍സലോട്ടി റൊണോള്‍ഡോയുടെ പരാമര്‍ശത്തെ പിന്തുണച്ച് പറഞ്ഞത്.
മൊത്തത്തില്‍ ആകര്‍ഷണമായ ആക്രമണ ഫുട്ബോള്‍ കളിച്ചിട്ടും ചെറിയ ചെറിയ തോല്‍വികള്‍ കാരണം സാധ്യമായ ആറില്‍ രണ്ട് ട്രോഫികളുമായി റയല്‍ സീസണ് പൂര്‍ത്തിയാക്കി. ഇത് കാര്‍ലോ ആന്‍സലോട്ടിയെ പുറത്താക്കാന്‍ കാരണമായി. പുതിയ മാനേജരായി റാഫേല്‍ ബെനിറ്റസ് വന്നു.. പക്ഷെ ആരാധക പ്രീതി ഇല്ലായ്മ, കളിക്കാരോടുള്ള അതൃപ്തി, വമ്പന്‍ ടീമുകള്‍ക്കെതിരെയുള്ള ദയനീയ പ്രകടനങ്ങള്‍ എന്നീ ആരോപണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെയും ക്ലബ്ബ് പുറത്താക്കി. സിനദീന്‍ സിദാനെ പരിശീലകനായി നിയമിക്കുന്നതോടൊപ്പം ബെനിറ്റസിന്റെ വിടവാങ്ങലും ഒരുമിച്ചു നടന്നു.
സിദാന്റെ വരവ് ആക്കാലത്ത് എല്ലാവര്ക്കും ഷോക്കായിരുന്നു.. അതിനെക്കാള്‍ ഷോക്ക് എല്ലാവരെയും ഞെട്ടിച്ച് റയല്‍ 2015-16 സീസണില്‍ ചാമ്പ്യന്‍സ് ലീഗ് നേടിയതായിരുന്നു. ഫൈനലില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ 5-3ന് പെനാല്‍റ്റി ഷൂട്ട്-ഔട്ടിലാണ് അവര്‍ തോല്‍പ്പിച്ചത്. ഇതോടെ അവര്‍ക്ക് പതിനൊന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടമായി. ഈ കിരീട നേട്ടത്തോടെ സിദാന്റെ നേതൃത്വത്തില്‍ റയലിന്റെ തേരോട്ടമാണ് പിന്നീട് കണ്ടത്.
അവര്‍ 35 മത്സരങ്ങള്‍ തോല്‍വിയറിയാതെ കുതിച്ചു. അതൊരു പുതിയ റെക്കോര്‍ഡായും മാറി. 2016 ഫിഫ വേള്‍ഡ് കപ്പ് നേടി. അവര്‍ 33-ാം ലീഗ് കിരീടവും നേടി. 2017 ജൂണ്‍ 3ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസിനെ തോല്‍പ്പിച്ച് അവര്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി. അതോടെ യുസിഎല്‍ കാലഘട്ടത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യത്തെ ടീമായി റയല്‍ മാറി. റയലിന്റെ 12-ാം യുസിഎല്‍ കിരീടം. ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത റെക്കോര്‍ഡ്. നാല് വര്‍ഷത്തിനിടെ മൂന്നാമത്തേതും.
റയലിന്റെ ചരിത്രത്തില്‍ മികച്ചൊരു സീസണായിരുന്നു 2016-17 സീസണ്. സാധ്യമായ അഞ്ച് കിരീടങ്ങളില്‍ നാലെണ്ണവും നേടാന്‍ അവര്‍ക്കായി. 2017-18 സീസണിലും അവര്‍ അത് ആവര്‍ത്തിച്ചു. 2017 ല്‍ ഫിഫ വേള്‍ഡ് കപ്പ് നേടിയതോടെ അതും ആവര്‍ത്തിച്ച് നേടുന്ന ടീമായി റയല്‍ മാറി. ആ സീസണില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് ഹാട്രിക്ക് യുസിഎല്‍ കിരീടം നേടുന്ന ആദ്യ ടീമായും റയല്‍ മാറി. എന്നാല്‍ അതോടൊപ്പം ഒരു ഷോക്കിംഗ് ന്യൂസും വന്നു..
ആരാധകരെയും ഫുട്ബോള്‍ ലോകത്തെയും ഞെട്ടിച്ചു കൊണ്ട് സിദാന് റയല്‍ മാഡ്രിഡ് മാനേജര്‍ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ക്ലബ്ബിന് മാറ്റം ആവശ്യമാണെന്നാണ് രാജിവയ്ക്കുന്നതിന് കാരണമായി സിദാന് പറഞ്ഞത്. സിദാനോടൊപ്പം സാക്ഷാല്‍ റൊണോള്‍ഡോയും പടിയിറങ്ങിയപ്പോള്‍ എല്ലാവരും ഞെട്ടി. റൊണാള്‍ഡോയെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് യുവന്റസിന് റയല്‍ വില്‍ക്കുകയായിരുന്നു. നാല് യുസിഎല്‍ കിരീടങ്ങള്‍, രണ്ട് ലാലിഗ കിരീടങ്ങള്‍, രണ്ട് കോപ്പ ഡെല്‍ റേ, രണ്ട് സൂപ്പര്‍ കോപ്പ് ഡി എസ്പാന, മൂന്ന് യുവേഫ സൂപ്പര്‍ കപ്പുകള്‍, മൂന്ന് ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടങ്ങള്‍ എന്നിവ നേടിയ രണ്ടാം ഗാലക്റ്റിക്കോ യുഗത്തിന് അതോടെ അവസാനമായി. ബാഴ്സലോണയുടെ ആധിപത്യം അവസാനിപ്പിക്കുന്നതിലും ഈ ടീം നിര്‍ണ്ണായ പങ്കുവഹിച്ചു.
എന്നാല്‍ 2019 മാര്‍ച്ച് 11 ന് സിദാന് റയലിന്റെ പരിശീലകനായി തിരിച്ചുവന്നു. 2021 അദ്ദേഹം വീണ്ടും റയല്‍ വിട്ടു. തുടര്‍ന്ന് ഇപ്പോഴത്തെ മാനേജരായ കാര്‍ലോ ആന്‍സലോട്ടി 2021-22 സീസണില്‍ ടീമിനെ പരിശീലിപ്പിക്കാന്‍ വീണ്ടും തിരിച്ചെത്തി. പ്രധാന കിരീട പോരാട്ടങ്ങളില്‍ മൂന്നില്‍ രണ്ടും അദ്ദേഹം നേടി വരവറിയിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ എക്കാലത്തെയും മികച്ച മുന്നോട്ട് പോക്കുണ്ടായി. പിഎസ്ജിയെയും (PSG), ചെല്‍സിയെയും (Chelsea) സിറ്റിയെയുമൊക്കെ (Manchester City) പരാജയപ്പെടുത്തി അവര്‍ മുന്നേറി. എല്ലാം നാടകീയമായ ത്രില്ലര്‍ പോരാട്ടങ്ങളായിരുന്നു.
2018 ലെ നേരിട്ട ലിവര്‍പൂളായിരുന്നു ഫൈനലില്‍ റയലിന്റെ എതിരാളികളായി വന്നത്. സൂപ്പര്‍ താരം വിനീഷ്യത്തിന്റെ (Vinicius Jr.) ഏക ഗോളില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി. അവരുടെ 14-ാം യുസിഎല്‍ കിരീടം. അവര്‍ ആ വര്‍ഷത്തെ ലാലിഗ കിരീടവും നേടി.. പക്ഷെ അടുത്ത വര്‍ഷം അതായത് തൊട്ട് അടുത്ത സീസണില്‍ ആ തേരോട്ടം തുടരാന്‍ റയലിന് ആയില്ല. ലാലിഗയും, ചാമ്പ്യന്‍സ് ലീഗും അവര്‍ക്ക് നഷ്ടമായി. എന്നാൽ കഴിഞ്ഞ സീസണിൽ ലാലിഗ കിരീടം തിരിച്ച് പിടിച്ച് ശക്തമായി റയൽ തിരിച്ചുവന്നു. അതുകൂടാതെ ആ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടവും അതായത് 15-ാം യുസിഎൽ കിരീടവും റയൽ അവരുടെ ഷെൽഫിൽ എത്തിച്ചു. ഒരുപക്ഷെ ഇനിയൊരു ക്ലബ്ബിനും എത്തിപ്പെടാൻ പറ്റാത്ത റെക്കോർഡ് നേട്ടമാണ് റയൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ വാരിക്കൂട്ടിയതിലൂടെ നടന്നത്. പക്ഷെ ഫുട്ബോളാണ് എന്തു സംഭവിക്കാം. എന്നാൽ ആ റെക്കോർഡ് തകരാൻ ഇനിയും ഒരുപാട് കാലങ്ങൾ എടുക്കുമെന്നത് ഒരു യാഥാർത്ഥ്യമാണ്.
ഇതാണ് യുറോപ്പിന്റെ രാജാക്കന്മാരുടെ ചരിത്രം. ഒന്ന് വാടി പോകുമ്പോഴെല്ലാം ശക്തമായി തിരിച്ചു വരുന്ന പാരമ്പര്യമാണ് റയലിന് ഉള്ളതെന്ന് ഈ ചരിത്രം പറയും.
Discussion about this post