പാരിസ്: ദ്വിദിന സന്ദർശനത്തിനായി ഫ്രാൻസിൽ എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ഉഭയക്ഷി വിഷയങ്ങളിൽ ഫ്രാൻസും ആയുള്ള സഹകരണം ഉറപ്പുവരുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ചയെ വലിയ പ്രധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
ഇന്ത്യയും ഫ്രാൻസും തമ്മിൽ ദൃഢമായ സൗഹൃദം ആണ് നിലനിൽക്കുന്നത്. ഭാവിയിൽ ഇത് കുറച്ചുകൂടി ദൃഢമാക്കാനാണ് ഇപ്പോഴുള്ള മോദിയുടെ സന്ദർശനം. വ്യാപാരം ഉൾപ്പെടെ വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെങ്കിലും കൂടുതൽ ഗുണം ഉണ്ടാകുക ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് ആയിരിക്കും എന്നാണ് സൂചന.
പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഏറ്റവും നല്ല പങ്കാളിയാണ് ഫ്രാൻസ്. ഇവിടെ നിന്നുള്ള റഫേൽ വിമാനങ്ങൾ ശത്രുക്കൾക്കെതിരെ ഇന്ത്യയ്ക്ക് വലിയൊരു മുതൽകൂട്ട് ആണ്. പ്രതിരോധ ആയുധ നിർമ്മാണ രംഗത്ത് ഇന്ത്യ നിലവിൽ സ്വയം പര്യാപ്തതയുടെ പാതയിലാണ്. അതുകൊണ്ട് തന്നെ നിരവധി ആയുധങ്ങളാണ് ഇന്ത്യ നിർമ്മിക്കുന്നത്. ഈ ആയുധങ്ങളിൽ പ്രത്യേക താത്പര്യം മറ്റ് ലോകരാജ്യങ്ങളെ പോലും ഫ്രാൻസും പ്രകടിപ്പിക്കുന്നുണ്ട്. അതിനാൽ ഈ കൂടിക്കാഴ്ചയിൽ ആയുധ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകൾക്ക് സാദ്ധ്യതയുണ്ട്.
പ്രതിരോധ കരുത്ത് ഉയർത്തുന്നതിന്റെ ഭാഗമായി 1 ലക്ഷം കോടി രൂപയുടെ കരാറാണ് ഇന്ത്യ ഫ്രാൻസുമായി അടുത്തിടെ ഒപ്പുവച്ചത്. 3 സ്കോർപീൻ അന്തർവാഹിനികളും 26 റഫേൽ വിമാനങ്ങളും വാങ്ങുന്നതിനുള്ള കരാർ ആയിരുന്നു ഇത്. എന്നാൽ ഇന്ത്യയുടെ പിനാക മിസൈലുകൾ വാങ്ങാൻ ഫ്രാൻസ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട അന്തിമ കരാറിൽ ഇരു രാജ്യങ്ങളും ഉടനെ ഒപ്പുവയ്ക്കും.
കഴിഞ്ഞ ഏതാനും നാളുകളായി പിനാക മിസൈൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് ഡിആർഡിഒ പങ്കുവയ്ക്കുന്ന വിവരം. മൂന്ന് മാസമായി ചർച്ചകൾ നടക്കുന്നുണ്ട്. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടാകും എന്നും ഇവർ വ്യക്തമാക്കുന്നു.
63,000 കോടി രൂപയാണ് റഫേൽ വിമാനങ്ങൾക്കായി ഇന്ത്യ ചിലവിടുന്നത. 26 വിമാനങ്ങളിൽ നാല് എണ്ണം ഇരട്ട സീറ്റുകളുള്ള വിമാനം ആണ്. നാവിക സേനയ്ക്ക് വേണ്ടിയാണ് ഈ റഫേൽ വിമാനങ്ങൾ വാങ്ങുന്നത്. ഇത് ഇന്ത്യയിൽ എത്തുന്നതോട് കൂടി നാവിക സേനയുടെ ആയുധക്കരുത്ത് വർദ്ധിക്കും. 33,500 കോടി രൂപയാണ് അന്തർവാഹിനികൾ വാങ്ങാൻ ഇന്ത്യ ചിലവിടുന്നത്.
തിങ്കളാഴ്ച ആയിരുന്നു പ്രധാനമന്ത്രി ഫ്രാൻസിൽ എത്തിയത്. രാജ്യതലസ്ഥാനമായ പാരീസിൽ വിമാനം ഇറങ്ങിയ അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം ആയിരുന്നു ലഭിച്ചത്.
Discussion about this post