ഒന്നുകിൽ ചുട്ടുകരിക്കും, അല്ലെങ്കിൽ ചുഴറ്റിയെറിയും. ഇക്കൂട്ടരുടെ ദൃഷ്ടി പതിയുന്ന ഡ്രോണുകൾ തീർന്നു. കൺചിമ്മി തുറക്കും മുൻപായിരിക്കും പലകഷണങ്ങളായി ചിന്നിച്ചിതറുക. അത്രമേൽ ശക്തമാണ് ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ. അതുകൊണ്ട് തന്നെ ഇന്ന് ലോകരാജ്യങ്ങൾ വ്യാപകമായി ഈ സംവിധാനങ്ങൾ വാങ്ങിക്കൂട്ടുകയും നിർമ്മിക്കുകയും ചെയ്യുന്നു.
മാറുന്ന യുദ്ധമുഖത്ത് ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ലോകരാജ്യങ്ങൾക്ക് വലിയ മുതൽകൂട്ടാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഡ്രോണുകളെ പ്രതിരോധിക്കുകയാണ് ഇവയുടെ ധർമ്മം. മനുഷ്യദൃഷ്ടിയിൽ പതിയാത്ത ശത്രുക്കളുടെ കുഞ്ഞൻ ഡ്രോണുകൾ തീർക്കുന്ന അപകടം ഇല്ലാതാക്കാൻ ഇവയ്ക്ക് സാധിക്കും.
ഡ്രോണുകളെ കണ്ടെത്തുക, അവയുടെ സഞ്ചാരം നിരീക്ഷിക്കുക, നശിപ്പിക്കുക തുടങ്ങിയവയാണ് ഡ്രോൺ പ്രതിരോധ സംവിധാനങ്ങളുടെ കർത്തവ്യങ്ങൾ. പല തരത്തിലാണ് ഇവ ഈ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നത്. റേഡിയോ സിഗ്നലുകളുടെ സഹായത്തോടെയാണ് ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളെ കണ്ടെത്തുക. ഇതിനായുള്ള സെൻസറുകൾ പ്രതിരോധ സംവിധാനത്തിൽ ഉണ്ടാകും. ഓരോ പ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളെ ഇല്ലാതാക്കുന്ന രീതികൾ വ്യത്യസ്തപ്പെട്ടിരിക്കും.
ചില ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഡ്രോണും അതിന്റെ കൺട്രോൾ സെന്ററും തമ്മിലുള്ള ബന്ധം ജാമറുകൾ ഉപയോഗിച്ച് വിച്ഛേദിക്കും. ഇതോടെ നിയന്ത്രണം നഷ്ടപ്പെടുന്ന ഡ്രോൺ പ്രവർത്തന രഹിതമാകും. ജിപിഎസ് സ്പൂഫിംഗ് ആണ് ഡ്രോണുകളെ ഇല്ലാതാക്കാൻ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ സ്വീകരിക്കുന്ന മറ്റൊരു വഴി. ഡ്രോണുകളെ ഹാക്ക് ചെയ്തതിന് ശേഷം ഇവയെ മറ്റൊരു ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിക്കുന്നതാണ് ഈ രീതി. ഡ്രോണിലെ വിവരങ്ങൾ മുഴുവൻ ശേഖരിച്ച് ഡ്രോണുകളെ ഇല്ലാതാക്കുന്ന സൈബർ ടേക്ക് ഓവർ രീതിയും ഡ്രോൺ വേധാ സംവിധാനം പ്രയോജനപ്പെടുത്തുന്നു.
ഇസ്രായേൽ- ഹമാസ് സംഘർഷം ആരംഭിച്ചതിന് പിന്നാലെയാണ് ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയത്. ഹമാസിന്റെ റോക്കറ്റുകളെ നിമിഷങ്ങൾ കൊണ്ട് തവിടുപൊടിയാക്കിയ അയൺ ബീം ആയിരുന്നു താരം. ഏറ്റവും അപകടകാരിയായ ഡ്രോൺ പ്രതിരോധ സംവിധാനം എന്നാണ് അയൺ ബീം അറിയപ്പെടുന്നത്.
റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം രൂപപ്പെടുത്തിയെടുത്ത ഡ്രോൺ പ്രതിരോധ സംവിധാനം ആണ് അയൺ ബീം. ഫൈബർ ലേസറുകളെ ലേസർ ബീം ആക്കിക്കൊണ്ട് ഭീഷണികളെ പ്രതിരോധിക്കുകയാണ് ഇവ ചെയ്യുന്നത്. അയൺ ബീമിന്റെ ഹൈ എനർജി ലേസർ ടെക്നോളജിയ്ക്ക് ഡ്രോണുകളെ മാത്രമല്ല, മിസൈലുകളെയും സെക്കന്റുകൾക്കുള്ളിൽ ചാമ്പലാക്കാൻ കഴിയും.
ബ്രിട്ടന്റെ ഡ്രോൺ പ്രതിരോധ സംവിധാനം ആണ് സ്കൈവാൾ 100. സൈനികർക്ക് കൈകൾ കൊണ്ട് ഉപയോഗിക്കാവുന്ന ഈ സംവിധാനം മറ്റുള്ളവയിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. ഡ്രോണുകളെ വലവീശി പിടിക്കാനാണ് സ്കൈവാൾ 100 ഉപയോഗിക്കുക. കേടുപാടുകൾ കൂടാതെ ഡ്രോണുകളെ പിടികൂടുന്നതിന് ഈ രീതി സഹായിക്കുന്നു.
ഡ്രോണുകളെ ആകാശത്തുവച്ച് ഞൊടിയിടയിലും അതീവ കൃത്യതയോടെയും നശിപ്പിക്കാൻ കഴിവുള്ള നീഡർഹോഫർ എച്ച്പിയാണ് ലോകത്തെ ഏറ്റവും അപകടകാരികളായ ഡ്രോൺ പ്രതിരോധ സംവിധാനങ്ങളിൽ ഒന്ന്. ജർമ്മൻ കമ്പനിയായ ഹെൻസോൾഡിറ്റ് ആണ് ഇതിന്റെ നിർമ്മാതാക്കൾ. ജാമിംഗ്, എനർജി വെപ്പൺ ടെക്നോളജി എന്നിവയാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുക.
റഫേൽ ഡിഫൻസ് സംവിധാനത്തിന്റെ പണിപ്പുരയിൽ രൂപം കൊണ്ട ഡ്രോൺ ഡോമും അപകടകാരിയായ വ്യോമപ്രതിരോധ സംവിധാനം ആണ്. റേഡിയോ ഫ്രീക്വൻസി ജാമിംഗ്, ലേസർ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവ ഡ്രോണുകളെ ഇല്ലാതാക്കുക. ഡ്രോണുകളെ കണ്ടെത്തുന്ന ഇവ ലേസർ ബീമുകൾ ഉപയോഗിച്ചാണ് ഡ്രോണുകളെ നശിപ്പിക്കുക.
ഡ്രോൺ കില്ലേഴ്സിന്റെ പട്ടികയിൽ അടുത്തതാണ് തോർ അഥവാ ടാക്റ്റിക്കൽ ഹൈ പവർ ഓപ്പറേഷണൽ റെസ്പോണ്ടർ. അമേരിക്കയുടെ അത്യാധുനിക ഡ്രോൺ സംവിധാനം ഇത്. അമേരിക്കയുടെ എയർഫോഴ്സ് റിസർച്ച് ലാബിലാണ് തോർ നിർമ്മിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നിർമ്മിച്ച തോറിന് ഒരേസമയം ഒന്നിലധികം ഡ്രോണുകളെ ഇല്ലാതാക്കാൻ കഴിയും. തോറിലെ മൈക്രോ വേവ് ബീമുകൾ ഡ്രോണുകളെ പ്രവർത്തനരഹിതമാക്കുകയോ, തകർക്കുകയോ ചെയ്യും.
ഇന്ത്യയുടെ പക്കലുമുണ്ട് ശത്രു ഡ്രോണുകളെ ഇല്ലാതാക്കുന്ന ഡ്രോൺ പ്രതിരോധ സംവിധാനം. കൈപ്പിടിയിൽ ഒതുക്കാവുന്ന ദ്രോണം ഇന്ത്യയുടെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്തോടെ നിർമ്മിച്ച ഇന്ദ്രജാൽ ഇന്ത്യയുടെ അത്യാധുനിക ഡ്രോൺ പ്രതിരോധ സംവിധാനം ആണ്. നാലായിരം ചതുരശ്ര അടിയിൽ സുരക്ഷയൊരുക്കാനുള്ള ശേഷി രാജ്യം തദ്ദേശീയമായി നിർമ്മിച്ച ഇന്ദ്രജാലിന് ഉണ്ട്.
ഡിആർഡിഒയുടെ പണിപ്പുരയിൽ ഒരുങ്ങിയ സോഫ്റ്റ് ആന്റ് ഹാർഡ് കിൽ ഡ്രോൺ പ്രതിരോധ സംവിധാനവും ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്.
Discussion about this post