ടെഹ്റാന്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇറാന് സന്ദര്‍ശനം ഇന്ന് തുടങ്ങും. ഊര്‍ജ്ജരംഗത്ത് ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങള്‍ കൈവരുന്ന കരാറുകള്‍ ഇരു രാജ്യങ്ങളും ഒപ്പ് വെക്കും. ഇതിനിടെ ഇന്ധന ഇറക്കുമതിയ്ക്ക് ഇന്ത്യ ഇറാന് കൈമാറാനുണ്ടായിരുന്ന തുക ഇന്ത്യ കൊടുത്തുതീര്‍ത്തു. ഇറാന് നല്‍കാനുണ്ടായിരുന്ന 44,000 കോടി ഡോളര്‍ ബാധ്യതയാണ് ഇന്ത്യ തീര്‍ത്തത്. യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വഴി മാംഗളൂര് റിഫൈനറിയും പെട്രോകെമിക്കല്‍സ് ലിമിറ്റഡും 50 കോടി ഡോളറും ഇന്ത്യന്‍ ഓയില്‍ കോര്‍പ് 25 കോടി ഡോളറും നല്കി. ഉപരോധത്തെ തുടര്‍ന്ന് 2013ല്‍ ഹല്ക് ബാങ്ക് വഴിയുള്ള ഇടപാടുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് ഓയില്‍ റിഫൈനറികള്‍ 55 ശതമാനം ബാധ്യത അടച്ചുതീര്ക്കാതിരുന്നത്.
പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധം നീക്കിയശേഷം ഇറാനുമായി ഇന്ത്യ നടത്തുന്ന ആദ്യത്തെ ഇടപാടാണിത്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സൗദി അറേബ്യയിലും യുഎഇയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് മോദി ഇറാനിലെത്തുന്നത്. ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ഇറാന് ബന്ധം മെച്ചപ്പെടുത്താനുള്ള നിരവധി കരാറുകളില്‍ ഒപ്പിടും. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. വളരെ അപൂര്‍വ്വമായാണ് ഖമനേയി ലോര നേതാക്കളുമായി കാണാറുള്ളത്.
പാശ്ചാത്യലോകം ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന കാലത്ത് മുഴുവന്‍ ഇന്ത്യ ഇറാനുമായുള്ള വ്യാപാരബന്ധം നിലനിര്‍ത്തിയിരുന്നു. ഇറാന്റെ സ്വന്തം എണ്ണക്കപ്പലുകളിലാണ് അസംസ്കൃത എണ്ണ ഇന്ത്യയില്‍ എത്തിച്ചിരുന്നത്. ഈയിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇറാനുമേലുള്ള ഉപരോധം ഭാഗികമായി പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അസംസ്കൃത എണ്ണ ഇന്ത്യ നേരിട്ട് ഇന്ത്യയിലെത്തിക്കാനുള്ള തീരുമാനം ചര്‍ച്ചകളില്‍ ഉണ്ടാകും. ഇത് ഇന്ത്യക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Discussion about this post