ബിന്ദു ടി
മണലാരണ്യത്തില്‍ ആട് മേക്കാനും, ഇസ്ലാമിക പോരാളികള്‍ക്ക് ശക്തിപകരാനും പുറപ്പെട്ട് പോയവരെ കുറിച്ച് കേരളം സജീവമായി ചര്‍ച്ച ചെയ്യുകയാണ്. മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്ന് രണ്ട് യുവാക്കള്‍ ഐഎസില്‍ ചേര്‍ന്ന വാര്‍ത്തവരെ ഗൗരവമായി ചര്‍ച്ച ചെയ്തവരാണ് നമ്മള്. ഐഎസ് ഇന്ത്യയെ ലക്ഷ്യം വെക്കുന്നുവെന്ന ആശങ്കകളും പങ്കുവെക്കപ്പെട്ടു. എന്നാല്‍ കേരളത്തില്‍ നിന്ന് കുടുംബങ്ങള്‍ പലായനം ചെയ്ത് ഐഎസില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയിലെ ഗുരുതരാവസ്ഥയിലുപരി കേരളത്തിലെ മതേതര പാര്‍ട്ടികളും നേതാക്കളും ചര്‍ച്ച ചെയ്തത് ഇത് മുസ്ലിം സമൂഹത്തെ പുകമറയില്‍ നിര്‍ത്താനുള്ള നീക്കമാകുമെന്ന ആശങ്കയാണ്..പാഞ്ഞുവരുന്ന ഭീകരതയെ ചെറുക്കാതെ ഇത്തരം ആരോപണങ്ങള്‍ ആരെയെങ്കിലും പ്രതിരോധത്തിലാക്കുമോ എന്ന് ചര്‍ച്ച ചെയ്യുന്ന കേരളം ലോകത്തുള്ള ഒരു അത്ഭുത കാഴ്ചയാകും.
എന്നാല്‍ ഇതില്‍ വലിയ അത്ഭുതമൊന്നും ഇല്ലെന്നതാണ് വാസ്തവം. സിപിഎം കോണ്‍ഗ്രസ് മതേതരകക്ഷികള്‍ വോട്ട് ബാങ്ക് കൈമോശം വരുമോ എന്ന് പേടിച്ച് ഇതുവരെയും മിണ്ടാതിരുന്നത് ഇപ്പോഴും തുടരുന്നു എന്ന് മാത്രം.
കേരളത്തില്‍ നിന്ന് കാണാതായ ചിലര്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി അത്തരത്തില്‍ കാണാതായവരുടെ മാതാപിതാക്കള്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കുന്നു. പരാതി കിട്ടിയ മുഖ്യമന്ത്രി നിയമസഭയില്‍ പ്രതികരിക്കുന്നു. കാര്യം ഗൗരവമുള്ളതാണ് പക്ഷേ ഇതിന്റെ പേരില്‍ മുസ്ലിം സമുദായത്തെ ആകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല എന്ന് മുഖ്യമന്ത്രിയുടെ നിയമസഭയിലുള്ള മറുപടി.. ആരാണ് മുസ്ലിം സമൂഹത്തെ പ്രതികൂട്ടിലാക്കുന്നത്…എന്ന് മുഖ്യമന്ത്രി പറഞ്ഞില്ലെങ്കിലും മുസ്ലിം വിഭാഗം പ്രതിരോധത്തിലാവാനുള്ള സാധ്യത മുഖ്യന് മുന്‍കൂട്ടി കണ്ടു എന്നതാണ് ശരി. ഐഎസ് ബന്ധം സംബന്ധിച്ച ആശങ്കകളേക്കാള്‍ വലുത് നിങ്ങളെ ആരും പ്രതികൂട്ടിലാക്കാതിരിക്കുന്നതാണ് എന്ന് പറയാതെ പറഞ്ഞ മുഖ്യമന്ത്രി വിഷയം രാഷ്ട്രീയവത്ക്കരിക്കുകയും മതവത്ക്കരിക്കുകയും ചെയ്തു. മുസ്ലിം സമൂഹത്തെ ലോകമെമ്പാടും ഒറ്റപ്പെടുത്തുന്നു എന്ന് നിലവിളിക്കുന്ന മൗലൂദിയന് ചിന്താഗതിക്കാര്‍ക്കായി നിലകൊണ്ട മുഖ്യമന്ത്രി ഇവിടെ ആരാണ് ചിലര്‍ ഐഎസില്‍ ചേരുന്നതിന്റെ പേരില്‍ മുസ്ലിം സമൂഹത്തെ ആക്രമിക്കുന്നത് എന്ന് പറഞ്ഞ് തന്നാല്‍ കൊള്ളാം.
എന്തായാലും കോണ്‍ഗ്രസ് എന്ന മതേതരകക്ഷിയ്ക്കും, രമേശ് ചെന്നിത്തല, വിഎം സുധീരന് ഇത്യാദി മതേതര നേതാക്കള്‍ക്കും മുസ്ലിം സമൂഹത്തെ ആരെങ്കിലും ഇതിന്റെ പേരില്‍ പ്രതിരോധത്തില്‍ ആക്കുമോ എന്നാണ് പ്രധാന പേടി. സത്യത്തില്‍ ഇവരുടെ ഇത്തരം നിലപാടുകള്‍ തീവ്രവാദത്തിന് വിത്തിടാന്‍ നടക്കുന്ന ചില മതയാഥാസ്ഥിതികര്ക്കാണ് പ്രതിരോധ ആയുധമായത്. അഞ്ച് പേര് ഐഎസില്‍ ചേര്‍ന്നു എന്ന് കേട്ട് ആകാശം ഇടിഞ്ഞ് വീഴുന്ന പ്രചരണം വേണമോ എന്ന ചോദ്യക്കാരുടെ കൂടെയാണ് ഈ മതേതര നേതാക്കള്‍. ഒന്ന് പറയാം.. ഈയൊരു മനസ്ഥിതി തന്നെയായിരുന്നു വര്‍ഷങ്ങളായി കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ച്ചയ്ക്ക് ഇടയാക്കിയതും
ഒരു ചെറിയ ചോദ്യം ചോദിക്കട്ടെ..കേരളത്തില്‍ ഇത്തരമൊരു ഇസ്ലാമിക തീവ്രവാദ ശക്തി പ്രാപിക്കുന്നതായി സമൂഹത്തിന്റെ എല്ലാ തലത്തിലും വേരോട്ടമുള്ള ഇടത് വലത് പക്ഷ കക്ഷികളും, യുവജനസംഘടനകളും അറിഞ്ഞിരുന്നില്ലേ…? ഒരു ചാനല്‍ ചര്‍ച്ചയില്‍ സിപിഎം നേതാവ് അബ്ദുള്‍ ഖാദര്‍ എംഎല്‍എ പറഞ്ഞത് ഇതൊക്കെ പുറത്ത് വരുന്നത് ഇപ്പോഴല്ലേ എന്ന മട്ടിലാണ്. ഇന്ത്യയൊട്ടുക്ക് ഇതാ ഫാസിസം വരുന്നു..കേരളത്തിലിനി ബീഫ് തിന്നാന്‍ പറ്റില്ല എന്നൊക്കെ പ്രസംഗിച്ച് ഇതുവരെ കേരളത്തിലെത്താത്ത ഹിന്ദു ഫാസിസത്തിന്റെ തലയറുക്കാന്‍ നടന്ന ഇടതപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ ഇതുവരെയും മുസ്ലിം യുവാക്കള്‍ക്കിടയില്‍ ഐഎസ് അനുകൂല ചിന്താഗതി വളരുന്നത് അറിഞ്ഞില്ല എന്ന് പറയുന്നത് എത്രത്തോളം സത്യസന്ധമാണ് എന്നൊന്ന് അവരവരോട് തന്നെ ചോദിക്കുന്നത് നല്ലതാവും. പോപ്പൂലര്‍ ഫ്രണ്ടും, എന്‍ഡിഎഫും പല രൂപങ്ങളിലും പേരുകളിലുമെത്തി ക്യാമ്പസുകള്‍ കീഴടക്കുന്നതും, യുവജനങ്ങളെ ആകര്‍ഷിക്കുന്നതും എന്തായാലും ഡിവൈഎഫ്ഐയും, എസ്എഫ്ഐയും അറിഞ്ഞ് കാണണം. പ്രണയം പോലും മതപരിവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്ന ക്യാമ്പസ് പ്രവര്‍ത്തനങ്ങളില്‍ അവരുടെ മനസ്സ് അല്പമെങ്കിലും ആശങ്കപ്പെട്ടിരുന്നില്ല എന്ന് നെഞ്ചത്ത് കൈവച്ച് പറയാന്‍ എത്ര എസ്എഫ്ഐ നേതാക്കന്മാര്ക്ക് കഴിയും. (മതമാറാതെയുള്ള മിശ്രവിവാഹമല്ലെ സഖാക്കളെ,, പ്രണയിച്ച് പെണ്‍കുട്ടികളെ മതം മാറ്റി പിന്നീട് വിവാഹം കഴിക്കുന്ന സാമൂഹ്യ പരിഷ്ക്കരണത്തെ പറ്റിയാണ് പറയുന്നത്. ). നാട്ടിലെ പ്രായപൂര്‍ത്തിയായ ഒരോ യുവതി യുവാക്കളുടെയും രാഷ്ട്രീയം എന്തെന്ന് പരിശോധിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന സംഘടനാ രീതിയൊക്കെ ഇന്നും ആ പാര്‍ട്ടിക്കുണ്ട്. പക്ഷേ മതവിശ്വാസത്തിന്റെ മുഖം മൂടിയിട്ട് തീവ്രവാദത്തിലേക്ക് നടന്നു പോയവരെ കുറിച്ച് ഈ ബഹുജനപ്രസ്ഥാനങ്ങള്‍ ഇതുവരെ അറിഞ്ഞതേയില്ല, പ്രതികരിച്ചതേയില്ല എന്നതിലാണ് അത്ഭുതം.
ഐഎസ്എസ് എന്ന സംഘടനയിലൂടെ ആഞ്ഞ് വീശിയ അബ്ദുള്‍ നാസര്‍ മദനിയാണ് തന്റെ പ്രഭാഷണങ്ങളിലൂടെ കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന് നിലമൊരുക്കി വിത്തിട്ടത് എന്ന് എല്ലാവര്‍ക്കുമറിയാം. മതം പറഞ്ഞ് ആളെ കൂട്ടിയ മദനിയെ കൂട്ട് പിടിച്ച് അത് വോട്ടാക്കാനുള്ള കുത്സിത ബുദ്ധി സിപിഎം കാണിക്കാന്‍ തുടങ്ങിയതോടെ തുടങ്ങുന്നു പിന്നീടുള്ള കാഴ്ചകള്‍ അവര്‍ മറച്ച ജാലവിദ്യ. വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്‍ നാസര്‍ മദനി നടത്തിയ പ്രചരണം ഇടത്മുന്നണിക്ക് എത്രത്തോളം ഗുണം ചെയ്തുവെന്ന് എല്ലാ രാഷ്ട്രീയ വിദ്യാര്ത്ഥികള്ക്കുമറിയാം. ഐഎസ്എസ് എന്ന സംഘടന പിന്നീട് പിരിച്ച് വിട്ടപ്പോള്‍ നേരെ സിപിഎം പാളയത്തിലേക്ക് ചേക്കേറിയ നിരവധി ഐഎസ്എസുകാരുണ്ട്. പലരും ഇപ്പോള്‍ നേതൃനിരയിലേക്ക് ഉയര്‍ന്ന് കഴിഞ്ഞു. മതേതരമായ സിപിഎമ്മിന്റെ ഒളിയിടങ്ങളില്‍ മതം ഒളിപ്പിച്ച മതേതരരായി പലരും സസുഖം ഇന്നും വാഴുന്നുണ്ട്. ആട്ടിന്‍തോലിട്ട ചെന്നായ എന്ന് വിളിക്കാന്‍ മാത്രം ഇതുവരെയും അത് വളര്‍ന്നിട്ടില്ല എന്ന് മാത്രം കരുതാം.
അബ്ദുള്‍ നാസര്‍ മദനി ഗാന്ധിജിയെ പോലെ മഹാനായതും, പൊന്നാനിയില്‍ പിണറായി വിജയന് വേദി പങ്കിടുന്നതും പിന്നിടാണ്. അപ്പോഴേക്ക് കേരളത്തിലെ തീവ്രവാദ നഴ്സറികള്‍ക്ക് കല്ലിടല്‍ നടന്ന് കഴിഞിരുന്നു. ഈ തീവ്രവാദവും, സിപിഎം രാഷ്ട്രീയവും തമ്മില്‍ ഒന്നിക്കുന്ന ഒരു വോട്ട് വേഴ്ച പിന്നീട് കാലങ്ങളായി തുടര്‍ന്നു. പൊന്നാനിയില്‍ ഭീകരാക്രമണക്കേസില്‍ രണ്ട് തവണ പ്രതിയാക്കപ്പെട്ട നേതാവിന്റെ പാര്‍ട്ടി അംഗത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതോടെ എല്ലാം പൂര്‍ത്തിയായി. മുളയിലെ നുള്ളേണ്ട തീവ്രവാദം മടിയില്‍ വച്ച് വളര്‍ത്തുകയായിരുന്നു ഇവിടുത്തെ രാഷ്ട്രീയകക്ഷികള്‍. ഈ വോട്ട് ബാങ്കിന് വേണ്ടി അന്ന് തുടങ്ങിയ കടിപിടി തന്നെയാണ് തങ്ങള്‍ മുസ്ലിം സംരക്ഷകരാണ്, ഹിന്ദു ഫാസിസത്തിനെതിരായ മുന്നണി പോരാളികളാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ഇപ്പോഴത്തെ പോരാട്ടത്തിന് പിന്നിലും.
കേരളത്തില്‍ തീവ്രവാദത്തിന്റെ നഴ്സറികള്‍ നടക്കുന്നത് ഇടത് പോരാളികളും, വലത് മതേതരരും അറിഞ്ഞില്ല എന്ന് പറയുമ്പോള്‍ ഇവരിവിടെ ജീവിച്ചിരുന്നില്ലെ എന്ന് തന്നെ ചോദിക്കേണ്ടി വരും. അഭ്യസ്തവിദ്യരായ യുവാക്കള്‍ മുസ്ലിം യാഥാസ്ഥിതികത്വത്തിലേക്കും ഭ്രാന്തമായ മതരീതികളിലേക്കും പോകുന്നത് കണ്ടിട്ടും, പാര്‍ട്ടിക്കിപ്പോള്‍ അത് ദോഷമല്ല എന്ന ചിന്തയില്‍ മതേതരന്മാര് മിണ്ടാതിരുന്നു എന്നതാണ് സത്യം. അതോ ഇസ്ലാമിക തീവ്രവാദം കമ്മ്യൂണിസ്റ്റ് തീവ്രവാദത്തോട് സമരസപ്പെട്ടുപോകുന്നതാണെന്ന തോന്നല്‍ ഇവര്‍ക്കൊക്കെ ഉണ്ടായോ..ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന പോസ്റ്റര്‍ നാടൊട്ടുക്കും ഒട്ടിച്ചപ്പോഴും, നായനാര്‍ സഖാവിനെ വധിക്കാന്‍ ആസൂത്രണം നടത്തിയെന്ന റിപ്പോര്‍ട്ട് ഡിജിപി നല്കിയപ്പോഴും, എന്ത് കൊണ്ടാണ് സിപിഎം ഇത്തരം തീവ്രവാദികള്‍ക്കെതിരെ പ്രതികരിക്കാതിരുന്നത്. ഭീകരവാദവും തീവ്രവാദവും ആര് നടത്തിയാലും എതിര്‍ക്കണം എന്ന് ഇപ്പോള്‍ പറയുന്ന സഖാക്കള്‍ നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ ഇപ്പോഴാണോ അറിയുന്നത്. മതേതരം ഇതാ തകര്‍ക്കുന്ന എന്ന് പറഞ്ഞ് സംഘപരുവാറിനെതിരെ കൊന്നും കൊലവിളിച്ചും പോരാടുന്നതിനിടയില്‍ സ്വന്തം തണലില്‍ മൂക്കിന് തുമ്പത്ത് ഇങ്ങനെ ചിലത് നടക്കുന്നത് കാണാതെ പോയി എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്..
കേരളത്തില്‍ മുസ്ലിം യാഥാസ്ഥിതികത്വം വളരുന്നതും പന്തലിക്കുന്നതും കണ്ട് മിണ്ടാതിരുന്നത് അതിന്റെ പേരില്‍ നാല് വോട്ട് നഷ്ടപ്പെടുമോ, സംഘപരിവാര്‍ ഇത് മുതലെടുക്കുമോ എന്ന രണ്ട് ഭയം കൊണ്ട മാത്രമാണ്. ഇപ്പോള്‍ തൊട്ടടുത്തെത്തിയ ഭീകരതയെ ചെറുക്കാതെ അതിലെ മുതലെടുപ്പിന് പേടിക്കുന്നതും അതുകൊണ്ട് തന്നെ…
1999ല്‍ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം ശക്തിപ്രാപിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള പോലിസിന് ബോധ്യപ്പെട്ട,പിന്നീട് പലപ്പോഴായി പോലിസ് തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യം ഇനിയും ഈ മതേതരന്മാര്‍ക്ക് മനസ്സിലായിട്ടില്ല..ഒരോ ഇത്തരം റിപ്പോര്‍ട്ടുകളും മുസ്ലിം മതത്തിന് എതിരാണെന്ന ജമാ അത്ത് ഇസ്ലാമി പോലുള്ള സംഘടനകളുടെ പ്രചപരണത്തെ പിന്താങ്ങുകയായിരുന്നു അവര്‍. എതിര്‍ത്താല്‍ ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് വരുന്ന മുസ്ലിം യുവത അകന്നു പോകുമോ എന്ന പേടിയും ഇതിന് പ്രചോദനമായി. ഇത്രയൊക്കെ ആയാലും കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരുന്നത് സിപിഎമ്മോ, കോണ്‍ഗ്രസോ, ഡിവൈഎഫ്ഐയോ, എസ്എഫ്ഐയോ കാണാന്‍ പോകുന്നില്ല…കാരണം ഉറങ്ങുന്നവനെ ഉണര്‍ത്താം പക്ഷേ ഉറക്കം നടിക്കുന്നവനെയോ…ഒന്ന് മാത്രം പറയാതെ വയ്യ…തോക്കുമായെത്തുന്ന മതഭീകരന്‍ രാഷ്ട്രീയമില്ല, ബിജെപി, സിപിഎം, കോണ്‍ഗ്രസ് ഭേദവും ഇല്ല…അവന്റെ മുന്നിലുള്ള ചോദ്യം ഒന്ന് മാത്രമാണ്..ഞങ്ങളുടെ മതമാണോ..അല്ലെങ്കില്‍ ആവുമോ…ഉത്തരം തയ്യാറാക്കി തലയണയ്ക്ക് താഴെ വച്ച് ഉറക്ക് നടിച്ചോളു…
പിണറായി വിജയനോട് സ്നേഹപൂര്‍വ്വം പറയട്ടേ മതത്തെ രക്ഷിക്കല്‍ മതങ്ങളുടെ പണിയാണ്..അല്ലാതെ സര്‍ക്കാരിന്റെ പണിയല്ല..സര്‍ക്കാരിന് പ്രധാനം പൗരസംരക്ഷണമാണ്..അവന് നടക്കാനും ജീവിക്കാനും, സ്വപ്നം കാണാനുമുള്ള സ്വാതന്ത്ര്യം ഇടങ്ങേറാക്കുന്നവരാണ് സര്‍ക്കാരിന്റെ എക്കാലത്തെയും ശത്രുക്കള്‍..അങ്ങനെയാണ് ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതും തുടരേണ്ടതും…
Discussion about this post