ശ്രീനഗര്‍ : ബിജെപി രാജ്യവ്യാപകമായി നടത്തി വരുന്ന പരിവര്‍ത്തന പരിപാടിയില്‍ കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് ജാഗരൂകനായിരിക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും , ജമ്മു കശ്മീരില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവുമായ ഗുലാം നബി ആസാദ് .
ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതി യോഗം ജമ്മു കശ്മീരില്‍ നടന്നതു പോലെയായിരുന്നു ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങെന്നും ഗുലാം നബി ആസാദ് പരിഹസിച്ചു. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് പരിവര്‍ത്തനത്തിന്റെ കാലമായതുകൊണ്ട് പിഡിപിയില്‍ നിന്നും ബിജെപിയിലേക്കുള്ള രാഷ്ട്രീയ പരിവര്‍ത്തനത്തെക്കുറിച്ച് പിഡിപി നേതൃത്വം ജാഗ്രത പാലിക്കണമെന്ന് ആസാദ് പറഞ്ഞു.
അതേസമയം ബിജെപി-പിഡിപി സഖ്യം വൈരുദ്ധ്യങ്ങളുടെ സഖ്യമാണെന്ന് സിപിഎം നേതാവ് മൊഹ്ദ് യൂസഫ് തരിഗാമിയുടെ അഭിപ്രായപ്പെട്ടു. നേരത്തെ വാഗ്ദാനം ചെയ്തിരുന്നത് പോലെ ബിജെപി-പിഡിപി സഖ്യം സത്യപ്രതിജ്ഞാ ചടങ്ങിന് മുന്‍പ് അവരുടെ പൊതുമിനിമം പരിപാടി പ്രഖ്യാപിക്കാതിരുന്നത് ഇരുകൂട്ടര്‍ക്കും എന്തോ മറയ്ക്കാനുള്ളതു കൊണ്ടാണെന്നും യൂസഫ് തരിഗാമി കുറ്റപ്പെടുത്തി.
ചില പ്രധാന വിഷയങ്ങളില്‍ ഇരു പാര്‍ട്ടികള്‍ക്കുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എന്തടിസ്ഥാനത്തിലാണ് പരിഹരിച്ചതെന്നും ജനങ്ങള്‍ക്കറിയില്ല. അതുകൊണ്ടുതന്നെ ഇരു കക്ഷികള്‍ക്കും എന്തൊക്കെയോ മറയ്ക്കാനുണ്ട് എന്നത് വ്യക്തമാണെന്നും യൂസഫ് കൂട്ടിച്ചേര്‍ത്തു.
Discussion about this post