ന്യൂഡൽഹി :ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 400 ലോക്സഭാ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . തങ്ങളുടെ ലക്ഷ്യം വെറുമൊരു മുദ്രാവാക്യമല്ല. അതി വൈകാതെ യാഥാർത്ഥ്യമാകാൻ പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പട്‌നയിൽ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് 140 കോടി ജനങ്ങളാണുള്ളത്. അതിൽ വേട്ടർമാരായ സ്ത്രീകളും, യുവാക്കളും, ആദ്യമായി വോട്ട് ചെയ്യുന്നവരുമെല്ലാം തിരഞ്ഞെടുപ്പ് എന്ന പ്രക്രിയയിൽ പങ്കാളിയാവുകയാണ്. വോട്ട് രേഖപ്പെടുത്തുന്നതിൽ അവർ മുൻകയ്യെടുക്കുന്നത് ഏറെ പ്രശംസനീയമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎ പോലുള്ള ശക്തമായ സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ അഴിമതിരഹിതമായ സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പോയി. രണ്ടാം സീറ്റിൽ (റായ്ബറേലിയിൽ) മത്സരിച്ചാൽ അദ്ദേഹം (രാഹുൽ ഗാന്ധി) വയനാട്ടിൽ നിന്ന് ഓടിപ്പോകും. അമേഠിയിൽ മത്സരിക്കാൻ അവർക്ക് ധൈര്യമില്ല. ഞാൻ ഇതുവരെ പറഞ്ഞതെല്ലാം യാഥാർത്ഥ്യമാക്കുകയാണ് ചെയ്യുന്നത്. കോൺഗ്രസിന് ജനങ്ങളെ സേവിക്കുന്നതിൽ താൽപ്പര്യമില്ല. അവർക്ക് അവരുട കുടുംബത്തിനെ സേവിക്കാൻ മാത്രമാണ് താൽപര്യം . രാജ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും പ്രധാനമന്ത്രി കോൺഗ്രസിനെതിരെ വിമർശിച്ചു.








