കൊല്ലം: പോലീസ് സ്റ്റേഷനില്‍നിന്ന് ഫേസ്ബുക്കിലേക്ക് ഒരു കുറിപ്പ് ‘ഫീലിങ്ങ് ഹാപ്പി ഫ്രം കാവനാട് പോലീസ് സ്റ്റേഷന്’. തലയില്‍ പോലീസ് തൊപ്പിവെച്ച് സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത് പോലീസുകാരല്ല, പരസ്യമായി മദ്യപിച്ചതിന് ശക്തികുളങ്ങരയില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളാണ്.
സാജ് അലോഷ്യസ് എന്ന യുവാവാണ് ടോണി ഫ്രാന്‍സിസ്, ബിജോ ബെന്‍ എന്നിവര്‍ക്കൊപ്പം കാവനാട് പോലീസ് സ്റ്റേഷനില്‍നിന്ന് സെല്‍ഫി പോസ്റ്റ് ചെയ്തിരിക്കുന്നത്. പെറ്റിക്കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ പോലീസ് തൊപ്പി വെച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയിതതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
സ്റ്റേഷനുള്ളില്‍ പ്രതികള്‍ക്ക് വെയ്ക്കാന്‍ തൊപ്പി ഊരി നല്‍കിയത് ആരാണെന്നതാണ് ചോദ്യം. മദ്യപിച്ചതിന് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ഫോട്ടോയെ അഭിനന്ദിച്ചും ‘അല്ല പിന്നെ അത്രേ ഉള്ളൂ’, കബാലി ഡാ, അത് പൊളിച്ചു എന്നുമുള്ള കമന്റുകളും വന്നിട്ടുണ്ട്. ഇതേ സമയം പോലീസ് സ്റ്റേഷനില്‍നിന്ന് സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന വിശദീകരണമാണ് നല്‍കുന്നത്.
Discussion about this post