കോഴിക്കോട്: ഭാര്യയുടെ ആൺ സുഹൃത്തിനെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് താമരശ്ശേരിയിൽ ആയിരുന്നു സംഭവം. അരീക്കോട് സ്വദേശി ലുഹൈബിനാണ് പരിക്കേറ്റത്. സംഭവത്തിൽ ലുഹൈബിനും യുവതിയുടെ ഭർത്താവിനുമെതിരെ കേസ് എടുത്തു.
ചൊവ്വാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. സമൂഹമാദ്ധ്യമത്തിലൂടെയാണ് യുവതി ലുഹൈബുമായി അടുപ്പത്തിലായത്. ഇതിനിടെ കഴിഞ്ഞ ദിവസം യുവതി ഇയാളുടെ വീട്ടിലേക്ക് പോകുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും കാണാതെ ആയതോടെ ഭർത്താവ് പോലീസിൽ പരാതി നൽകി. ഇതിനിടെ ലുഹൈബിന്റെ വീട്ടുകാർ യുവതിയെ വീട്ടിലേക്ക് തിരിച്ച് അയക്കുകയായിരുന്നു. യുവതി വീട്ടിൽ എത്തിയതിന് പിന്നാലെ ലുഹൈബും വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് യുവതിയ്‌ക്കൊപ്പം കട്ടിലിൽ കിടക്കുകയായിരുന്നു.
ഇതിൽ പ്രകോപിതനായ ഭർത്താവ് വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. ഇതിന് പുറമേ ഫാൻകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതോടെ ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തലയ്ക്കുൾപ്പെടെ ഇയാൾക്ക് സാരമായി പരിക്കേറ്റിരുന്നു.
Discussion about this post