ഡല്‍ഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ദംഗല്‍ താരം സൈറ വസീമിന് പിന്തുണയുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ട്വിറ്ററിലൂടെയാണ് താരം സൈറയ്ക്ക് പിന്തുണയുമായെത്തിയത്.
സിനിമയില്‍ അഭിനയിച്ചതിന്റെ പേരിലും മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിന്റെ പേരിലും സൈറയെ ഇസ്ലാം വിരുദ്ധ എന്നു വിളിച്ചത് നഗ്നമായ അടിച്ചമര്ത്തലാണെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. സൈറ പെണ്‍കുട്ടിയായതിനാലാണ് ഇങ്ങനൊരു സാഹചര്യം നേരിടേണ്ടി വന്നത്. ആമിര്‍ ഖാനോ സല്മാന് ഖാനോ ഷാരൂഖ് ഖാനോ ആയിരുന്നു സൈറയുടെ സ്ഥാനത്തെങ്കില്‍ ഒരൊറ്റയാളും വായ തുറക്കില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കശ്മീര്‍ സ്വദേശിയായ സൈറ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിക്കൊപ്പമിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയായിരുന്നു. കശ്മീരിലെ യുവാക്കള്‍ക്ക് സൈറ മാതൃകയാണെന്ന മെഹ്ബൂബ മുഫ്തിയുടെ പരാമര്‍ശമാണ് ആളുകളെ ചൊടിപ്പിച്ചത്. പരിഹാസങ്ങളും വിമര്‍ശനങ്ങളും പരിധി വിട്ടപ്പോള്‍ സൈറ ക്ഷമ ചോദിച്ചു കൊണ്ട് പോസ്റ്റിടുകയായിരുന്നു. ഞാന്‍ കശ്മീരിലെ യുവജനങ്ങള്‍ക്ക് മാതൃകയാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ നിങ്ങളാരും എന്നെ മാതൃകയാക്കേണ്ടെന്നു പറഞ്ഞായിരുന്നു പോസ്റ്റ്. എന്നാല്‍ അതിനെ പറ്റിയും ചര്‍ച്ചകള്‍ ഉയര്‍ന്നതോടെ പോസ്റ്റ് പിന്‍വലിച്ച സൈറ ഇതിന് അര്‍ഹിക്കുന്നതിലും അധികം പരിഗണന നല്‍കേണ്ടെന്നും പറഞ്ഞു.
പിന്നീട് ഈ പോസ്റ്റും താരം ഡിലീറ്റ് ചെയതതോടെ താരത്തിനു പിന്തുണയുമായി പ്രമുഖര്‍ എത്തുകയായിരുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യ മന്ത്രി ഒമര്‍ അബ്ദുല്ല, സിനിമാതാരം ആമിര്‍ ഖാന് എന്നിവരും സൈറയ്ക്ക് പിന്തുണ അര്‍പ്പിച്ചു.
Discussion about this post