തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ലോ അക്കാദമി സമരത്തില്‍ സിപിഐയുമായി നടത്തിയ തമ്മിലടി മറച്ചുവയ്ക്കാന്‍ യുഡിഎഫിനുമേല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കുതിരകയറേണ്ടതില്ലെന്നു രൂക്ഷ ഭാഷയില്‍ രമേശ് ചെന്നിത്തല പ്രതികരിച്ചു. ലോ അക്കാദമിയില്‍ ബിജെപിയുടെ സമരത്തെയാണ് യുഡിഎഫ് സഹായിച്ചതെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.
ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ നടത്തിയ ന്യായമായ സമരം അട്ടിമറിക്കാന്‍ സിപിഎം നടത്തിയ ഹീനമായ ശ്രമങ്ങള്‍ ജനം തിരിച്ചറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനാണ് കോടിയേരിയുടെ ശ്രമമെന്നും ടെന്നിത്തല പറഞ്ഞു. സമരരംഗത്ത് ആദ്യം എത്തിയതും സമരത്തിന് നേതൃത്വം നല്കിയതും കെഎസ്യു ആണ്. ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ പിന്നാലെയാണ് എത്തിയത്. അപ്പോഴെങ്ങനെ ബിജെപി സ്പോണ്സര് ചെയ്ത സമരമാകും? എസ്എഫ്ഐയെക്കൊണ്ട് ലോ കോളേജ് മാനേജ്മെന്റുമായി ‘കിച്ചണ്‍ എഗ്രിമെന്റ്’ ഉണ്ടാക്കിച്ച് സമരത്തെ പൊളിക്കാന്‍ ശ്രമിച്ച സിപിഎമ്മാണ് സമരം രൂക്ഷമാക്കിയത്. മാനേജ്മെന്റിന്റെ സൗകര്യത്തില്‍ കരാറുണ്ടാക്കി സമരത്തെ ഒറ്റുകൊടുക്കാനാണ് സിപിഎം ശ്രമിച്ചത്. വിദ്യാഭ്യാസമന്ത്രി ദാസ്യപ്പണി ചെയ്യുകയാണെന്ന് പറഞ്ഞത് കോണ്‍ഗ്രസ് അല്ല, സിപിഐയുടെ നേതാവായ പന്ന്യന്‍ രവീന്ദ്രനായിരുന്നു എന്ന കാര്യം മറക്കരുത്. എസ്എഫ്ഐയുമായി ഉണ്ടാക്കിയ കരാറിനെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രശ്നം ഇപ്പോഴും നിലനില്ക്കുന്നു എന്നു പറഞ്ഞത് സിപിഎമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ വി.എസ്. അച്യുതാനന്ദനാണ്. അപ്പോള്‍ ബിജെപി സ്പോണ്സര് ചെയ്ത സമരത്തില്‍ സിപിഐയും വിഎസും വീണുപോയി എന്നാണോ കോടിയേരി ഉദ്ദേശിക്കുന്നത്?
വി.എസ്. അച്യുതാനന്ദന് നല്കിയ പരാതിയിന്മേലായിരുന്നു ലോ അക്കാദമിയിലെ ഭൂദുര്വിനിയോഗത്തെക്കുറിച്ച് സിപിഐയുടെ റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. അപ്പോള്‍ ഒരു അന്വേഷണവും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ് അത് തടസ്സപ്പെടുത്താനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിച്ചത്. മാത്രമല്ല, ഏതു പിള്ള എന്ന് ചോദിച്ച് കേരളത്തിന്റെ രഷ്ട്രീയചരിത്രത്തില് ഒരിക്കലും മറക്കാന്‍ കഴിയാത്ത നേതാവായ പി.എസ്.നടരാജപിള്ളയുടെ സ്മരണയെപ്പോലും അപമാനിക്കാന്‍ മുഖ്യമന്ത്രി തയ്യാറായി. ഒടുവില്‍ ജനരോഷം ഭയന്നാണ് വിദ്യാഭ്യാസമന്ത്രിക്ക് ഒത്തുതീര്‍പ്പിന് തയാറാകേണ്ടിവന്നത്. കെ.കരുണാകരന് പതിച്ചുകൊടുത്ത ഭൂമി തിരിച്ചുപിടിക്കാനാണ് മകന് കെ.മുരളീധരന് സത്യാഗ്രഹം കിടന്നതെന്ന് പിണറായി വിജയന് അപഹസിച്ചിരുന്നു. കരുണാകരന് വ്യക്തമായ ഉപാധികളോടെയായിരുന്നു ഭൂമി പതിച്ചുനല്‍കിയത്. ആ ഉപാധികള്‍ ലംഘിച്ചപ്പോള്‍ അതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം നടത്തിയ മുരളി പിതാവിനോടുള്ള കടമ നിര്‍വഹിക്കുകയാണ് ചെയ്തത്. സിപിഎമ്മും സിപിഐയും തമ്മില്‍ ലോ അക്കാദമി സമരത്തില്‍ മാത്രമല്ല തമ്മില്‍ തല്ലിയത്. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി, മാവോയിസ്റ്റ് വേട്ട, യുഎപിഎ ചുമത്തല്‍, വിവരാവകാശനിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുകൊടുക്കല് തുടങ്ങിയവയിലെല്ലാം ഇരുകക്ഷികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകളാണ് ഉണ്ടായത്. ഇത് എല്‍ഡിഎഫിന്റെ കെട്ടുറപ്പിനെ തകര്‍ത്തിരിക്കുകയാണ്. അത് മറച്ചുവയ്ക്കാനുള്ള പാഴ്ശ്രമമാണ് കോടിയേരി നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post