ന്യൂഡൽഹി : ജനാധിപത്യം ശക്തിപ്പെടുത്താൻ ജനങ്ങൾ വൻതോതിൽ വോട്ട് ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിൽ പങ്കെടുക്കാൻ യുവ വനിതാ വോട്ടർമാരോട് പ്രധാനമന്ത്രി പ്രത്യേകം അഭ്യർത്ഥിച്ചു .
‘ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ ജനങ്ങൾ വൻതോതിൽ വോട്ട് ചെയ്യുമെന്നും യുവ വോട്ടർമാരും വോട്ട് ചെയ്യുമെന്നും തനിക്ക് ഉറപ്പുണ്ട്. വരൂ, നമുക്കെല്ലാവർക്കും നമ്മുടെ കടമ നിർവഹിക്കാം, നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താം’ -പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കശ്മീർ ഉൾപ്പെടെയുള്ള വോട്ടർമാരോട് റെക്കോർഡ് സംഖ്യയിൽ പോളിംഗ് ബൂത്തുകളിൽ എത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഭ്യർത്ഥിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ, പൈതൃകത്തെ ബഹുമാനിക്കുന്ന ഒരു സർക്കാർ രൂപീകരിക്കുന്നതിന് റെക്കോർഡ് എണ്ണത്തിൽ പോളിംഗ് ബൂത്തുകളിൽ എത്തിച്ചേരാൻ ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ വോട്ടർമാരോട് ഞാൻ അഭ്യർത്ഥിക്കുന്നു. ദരിദ്രരുടെ ക്ഷേമത്തിനാണ് മുൻഗണന, അവരുടെ ദൃഢനിശ്ചയം വികസിത ഇന്ത്യയാണ്, നിങ്ങളുടെ ഓരോ വോട്ടും വിലപ്പെട്ടതാണ്. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള സമയമാണിത് – അമിത് ഷാ പറഞ്ഞു.
രാവിലെ ഏഴ് മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകീട്ട് ആറ് വരെയാണ് പോളിംഗ് . 96 മണ്ഡലങ്ങളിലായി 1,717 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. പൊതുതിരഞ്ഞെടുപ്പിൻറെ മൂന്നുഘട്ടം പിന്നിട്ടപ്പോൾ ഇതുവരെയായി 20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയുമായി 283 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. ഇന്ന് നാലാംഘട്ടം പൂർത്തിയാകുന്നതോടെ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളുടെ എണ്ണം 379 ആയി ഉയരും .
Discussion about this post