ജയ്പൂർ: ഡൽഹിയ്ക്ക് പിന്നാലെ രാജസ്ഥാനിലെ സ്‌കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി. രാജസ്ഥാനിലെ ജയ്പൂരിൽ പിങ്ക് സിറ്റിയിലെ നാല് സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശം വന്നത്. ഇ മെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശമെത്തിയത്.
ഭീഷണി സന്ദേശെമത്തിയതോടെ സ്‌കൂൾ അധികൃതർ പോലീസിനെ വിവരമറിയിക്കുകയും വിദ്യാർത്ഥികളെ വീടുകളിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് മഹേശ്വരി സ്‌കൂൾ ഉൾപ്പെടെയുള്ള നാല് സ്‌കൂളുകളിൽ ബോംബ് സ്‌ക്വാഡും പോലീസുമെത്തി പരിശോധന നടത്തുകയാണ്.
ഇന്നലെ ഡൽഹിയിലെ എട്ട് ആശുപത്രികൾക്കും വിമാനത്താവളങ്ങൾക്കും നേരെ ഭീഷണി സന്ദേശം എത്തിയിരുന്നു. രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സെൻട്രൽ ഇൻഡസ്ട്രീയൽ സെക്യൂരിറ്റി ഫോഴ്‌സിന് ഇന്നലെ ഇ മെയിൽ സന്ദേശമെത്തിയത്. തുടർന്ന് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കാണ് ഉച്ച തിരിഞ്ഞ് 3.05 ഓടെ ഭീഷണിയെത്തിയത്.
ഒരേ സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇ-മെയിൽ വിലാസത്തിന്റെ ഐപി അഡ്രസ് കേന്ദ്രീകരിച്ച് ആണ് അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post