ന്യൂഡൽഹി: ക്രിയേറ്റിവിറ്റിയുടെ പേരിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സംസ്‌കാരമില്ലാത്ത പെരുമാറ്റവും സഭ്യമല്ലാത്ത ഭാഷയും പ്രചരിപ്പിക്കുന്നത് ക്ഷമിക്കാനാകില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ. ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അനുരാഗ് ഠാക്കൂർ ശക്തമായ മുന്നറിയിപ്പ് നൽകിയത്.
ഒടിടിയിലെ അശ്ലീല കണ്ടെന്റുകളെക്കുറിച്ച് വർദ്ധിച്ചുവരുന്ന പരാതികൾ സർക്കാർ ഗൗരവത്തോടെയാണ് എടുക്കുന്നതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ഇക്കാര്യത്തിൽ എന്തെങ്കിലും നിയമ നിർമാണം ആവശ്യമാണെങ്കിൽ അതിനും സർക്കാർ പിന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെയുളള അശ്ലീല, അസഭ്യ പ്രചാരണം അവസാനിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
അടുത്തിടെയാണ് ഇത്തരം പരാതികൾ വർദ്ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം തലത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉത്തരവാദി പരിപാടിയുടെ നിർമാതാവ് ആണ്. ഈ ഘട്ടത്തിലും രണ്ടാം തലത്തിലും പരിഹരിക്കാൻ കഴിയാത്ത കണ്ടെന്റുകളാണ് സർക്കാരിന്റെ മുൻപിലേക്ക് എത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ തലത്തിലേക്ക് എത്തിയാൽ ഇത്തരം കണ്ടെന്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏഴിന് ഡൽഹി ഹൈക്കോടതി ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഭാഷാരീതി വിലയിരുത്തണമെന്നും പരിശോധിക്കണമെന്നുമായിരുന്നു കോടതിയുടെ നിർദ്ദേശം. ഇത്തരം കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടെങ്കിലും അറസ്റ്റ് പോലുളള നടപടികൾക്ക് നിർദ്ദേശമില്ല.
Discussion about this post