തെന്നിന്ത്യയുടെ പ്രിയ നടി ശ്രീവിദ്യയ്ക്ക് കോടികളുടെ ആസ്തിയാണ് ഉണ്ടായിരുന്നത്. സ്തനാര്‍ബുദം ബാധിച്ച് ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ബോധ്യമായപ്പോള്‍ അവര്‍ തന്നെ തന്റെ തന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ എന്തുചെയ്യണം എന്ന് കൃത്യമായ വില്‍പത്രം തയ്യാറാക്കി
ദരിദ്ര ചുറ്റുപാടില്‍ നിന്നുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ശ്രീവിദ്യ അവരുടെ സ്വത്തുക്കള്‍ വിഭജിച്ചത്. 2006 ഓഗസ്റ്റില്‍ സാമ്പത്തിക പരിമിതിയുള്ള കുട്ടികള്‍ക്ക് സംഗീതവും നൃത്തവും പഠിക്കാന്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിക്കാന്‍ കെ.ബി. ഗണേഷ് കുമാറിനെ ചുമതലപ്പെടുത്തി
അതുമല്ലെങ്കില്‍, പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനോ, അശരണരായ കലാകാരന്മാര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാനോ ആയിരുന്നു നിര്‍ദേശം. സാമ്പത്തികത്തിന്റെ ഒരു ഭാഗമൊഴികെയുള്ള സ്വത്തുക്കള്‍, ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുകയും, സ്വത്തുക്കളുടെ മൂല്യം ന്യൂക്ലിയസ് ഫണ്ട് ആയി കൈമാറണം എന്നും ശ്രീവിദ്യ പറഞ്ഞിരുന്നു. ഗണേഷ് കുമാറിനായിരുന്നു ഈ സൊസൈറ്റി രജിസ്റ്റര്‍ ചെയ്യാന്‍ ചുമതല
2006 ഓഗസ്റ്റില്‍ സഹോദരന്റെ കുട്ടികള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും, വീട്ടുജോലിക്കായി നിന്ന സ്ത്രീകള്‍ക്ക് ഒരു ലക്ഷം വീതവും വില്‍പ്പത്രത്തില്‍ മാറ്റിവച്ചിരുന്നു. ഇതേവര്‍ഷം ഒക്ടോബര്‍ 19ന് ക്യാന്‍സര്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയ ശ്രീവിദ്യ മരണത്തിനു കീഴടങ്ങി. മരണസമയം 53 വയസായിരുന്നു ശ്രീവിദ്യയുടെ പ്രായം
എന്നാല്‍ പിന്നീട് കോടികള്‍ മൂല്യം വരുന്ന സ്വത്തുക്കള്‍ സംബന്ധിച്ച് പല തര്‍ക്കങ്ങളും ഉടലെടുത്തു. കെ.ബി.ഗണേഷ്‌കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി രംഗത്തു വന്നുശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോണി ഗണേഷിനാണെന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും വിജയലക്ഷ്മി പറഞ്ഞു. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി കീമോ തെറപ്പിക്കു വിധേയയായ വേളയില്‍ ശ്രീവിദ്യ പവര്‍ ഓഫ് അറ്റോര്‍ണിയായി ഗണേഷ് കുമാറിനെ ചുമതലപ്പെടുത്തുന്ന വില്‍പത്രം തയാറാക്കിയെന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ശ്രീവിദ്യയുടെ നിരവധി സ്വത്തുക്കള്‍ വില്‍പത്രത്തില്‍ ഇല്ലെന്നും വിജയലക്ഷ്മി ചൂണ്ടിക്കാണിച്ചു.
സഹോദരന്‍ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഗണേഷ്‌കുമാര്‍ ശ്രമിച്ചെന്നും വിജയലക്ഷ്മി ആരോപിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൃത്ത വിദ്യാര്‍ഥികള്‍ക്ക് ട്രസ്റ്റ് വഴി സഹായം നല്‍കണമെന്ന വില്‍പത്രത്തിലെ പ്രധാന നിര്‍ദേശം നടപ്പാക്കിയിട്ടില്ല. 15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വര്‍ണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വില്‍പത്രത്തിലുണ്ട്. ഇതിനെല്ലാം എന്തു സംഭവിച്ചെന്ന് അറിയില്ല. ശ്രീവിദ്യയുടെ നിരവധി സ്വത്തുവകകള്‍ വില്‍പത്രത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. രണ്ട് ജോലിക്കാര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും, സഹോദര പുത്രന്മാര്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കണമെന്നും നിര്‍ദേശിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. വക്കീല്‍ നോട്ടിസ് അയച്ചതിനു ശേഷമാണ് വില്‍പത്രത്തിന്റെ വിശദാംശങ്ങള്‍ പോലും നല്‍കിയത്. കുടുംബാംഗങ്ങള്‍ നടിയെ അവസാന കാലത്ത് ഉപേക്ഷിച്ചെന്നത് കള്ളപ്രചാരണമാണെന്നും വിജയലക്ഷ്മി ചൂണ്ടിക്കാട്ടി.
അതേസമയം എംഎല്‍എ എന്ന നിലയിലല്ല, വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണു വില്‍പ്പത്രം തന്റെ പേരില്‍ എഴുതിവച്ചതെന്നും ശ്രീവിദ്യയുടെ സ്വത്തുക്കളില്‍ ഭൂരിഭാഗവും നികുതിവകുപ്പിന്റെ കയ്യിലാണെന്നും ലോകായുക്തയില്‍ ഗണേഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post