ന്യൂഡൽഹി: വൈദ്യുതി പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിന് ആശ്വാസമായി ഝാർഖണ്ഡ് പ്ലാന്റിൽ നിന്ന് അദാനി ഗ്രൂപ്പ് വൈദ്യുതി വിതരണം ആരംഭിച്ചു. ഝാർഖണ്ഡിലെ പുതിയ കൽക്കരി പ്ലാന്റിൽ നിന്നാണ് വൈദ്യുതി ബംഗ്ലാദേശിലേക്ക് വിതരണം ചെയ്യുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലെ ആദ്യ സ്വകാര്യ ഊർജ്ജവിതരണ കരാറാണ് ഇതിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്.
ഝാർഖണ്ഡിലെ 800 മെഗാവാട്ട് യൂണിറ്റ് കമ്മീഷൻ ചെയ്തതായി അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതി വിതരണവും ആരംഭിച്ചത്. 748 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലാദേശിന് നൽകുന്നത്. നിലവിൽ സർക്കാർ തലത്തിലുളള കരാർ അനുസരിച്ച് 1000 മെഗാവാട്ട് വൈദ്യുതി ബംഗ്ലാദേശ് ഇന്ത്യയിൽ നിന്നും വാങ്ങുന്നുണ്ട്.
മലിനീകരണത്തോത് കുറഞ്ഞ ലോ എമിഷൻ അൾട്രാ സൂപ്പർ ക്രിറ്റിക്കൽ ടെക്‌നോളജിയാണ് പ്ലാന്റിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിൽ മറ്റ് അനേകം പ്രത്യേകതകളും പ്ലാന്റിനുണ്ട്.
ദീർഘകാലത്തെ ഇന്ത്യ -ബംഗ്ലാദേശ് ബന്ധത്തിലെ തന്ത്രപ്രധാന ആസ്തിയാണ് ഈ ഊർജ്ജ പദ്ധതിയെന്ന് അദാനി പവർ സിഇഒ എസ്ബി ഖയാലിയ പറഞ്ഞു. ഇന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിൽ ഏറ്റവും പരിസ്ഥിതി സൗഹാർദ്ദമായ യൂണിറ്റായി ഇത് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. Power
Discussion about this post