ക്രിക്കറ്റ് മൈതാനത്തെ റെക്കോർഡുകൾ ഒന്നൊന്നായി തകർക്കുന്ന ഇന്ത്യൻ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയ്ക്ക് ഹാജരാകില്ല. അണ്ടർ-19 ലോകകപ്പിലെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ പരിശീലനവും ടൂർണമെന്റുകളുമായി തിരക്കിലായതിനാലാണ് ഈ 14-കാരൻ പഠനത്തിന് താൽക്കാലിക ഇടവേള നൽകാൻ തീരുമാനിച്ചത്.
ബിഹാറിലെ താജ്പൂർ സ്വദേശിയായ വൈഭവ്, മോഡസ്റ്റി സ്കൂളിലെ വിദ്യാർത്ഥിയാണ്. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടക്കേണ്ട പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് വരെ ലഭിച്ചിരുന്നെങ്കിലും ക്രിക്കറ്റിലെ തിരക്കുകൾ കാരണം തയ്യാറെടുപ്പുകൾ നടത്താൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്ന് പിതാവ് സഞ്ജീവ് സൂര്യവംശിയും സ്കൂൾ അധികൃതരും ചേർന്ന് ഈ വർഷം പരീക്ഷ എഴുതേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയെ അണ്ടർ-19 ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിൽ വൈഭവ് നിർണ്ണായക പങ്കുവഹിച്ചു. ഏഴ് മത്സരങ്ങളിൽ നിന്ന് 62.71 ശരാശരിയിൽ 439 റൺസ് അടിച്ചുകൂട്ടി. ടൂർണമെന്റിലെ രണ്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനാണിത്. സൗത്ത് ആഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിന്റെ (18 സിക്സർ) റെക്കോർഡ് തകർത്ത് 30 സിക്സറുകളാണ് വൈഭവ് പറത്തിയത്. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ് ഇതോടെ വൈഭവിന്റെ പേരിനൊപ്പമായി.
ലോകകപ്പിലെ മാസ്മരിക പ്രകടനം വൈഭവിനെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. . പത്താം ക്ലാസ് പരീക്ഷയേക്കാൾ ഇപ്പോൾ താരത്തിന് മുന്നിലുള്ളത് ഐപിഎൽ എന്ന വലിയ വേദിയാണ്.
അണ്ടർ-19 ഏകദിനങ്ങളിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനാണ് വൈഭവ്. 25 ഇന്നിംഗ്‌സുകളിൽ നിന്ന് 1,412 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. 165-ന് മുകളിലുള്ള സ്‌ട്രൈക്ക് റേറ്റും നാല് സെഞ്ച്വറികളും ഏഴ് അർദ്ധ സെഞ്ച്വറികളും ഈ 14-കാരന്റെ പക്വത വിളിച്ചോതുന്നു.












