ലക്‌നൗ: ഹോളി ആഘോഷത്തിന് മുന്നോടിയായി അലിഗഢിലെ മസ്ജിദ് ടാർപോളിൻ കൊണ്ട് മറച്ചു. മസ്ജിദിന്റെ ചുവരിൽ നിറങ്ങൾ പരക്കുന്നത് തടയുന്നതിന് വേണ്ടിയാണ് മസ്ജിദ് മൂടിയത്. ഹോളി ആഘോഷത്തിനിടെ മസ്ജിദിൽ നിറങ്ങൾ പരന്നാൽ അത് പ്രദേശത്തെ സാമുദായിക അന്തരീക്ഷം തകരുമെന്ന കാരണത്താലാണ് മറച്ചുവച്ചത്.
അലിഗഢിലെ വർഗ്ഗീയ സംഘർഷ ബാധിത മേഖലകളിൽ ഒന്നായ ഹാൽവിയാനിലെ അബ്ദുൾ കരീം മസ്ജിദാണ് ടാർപോളിൻ കൊണ്ട് മൂടിയത്. പോലീസിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ നടപടി. ഇന്നും നാളെയുമായാണ് പ്രദേശത്ത് ഹോളി ആഘോഷം.
ഹിന്ദുക്കൾ സ്ഥിരമായി ഹോളി ആഘോഷിക്കാറുള്ള സ്ഥലത്താണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഒരിക്കൽ ഇവിടെ ഹോളി ആഘോഷിക്കുന്നതിനിടെ മസ്ജിദിൽ നിറം പടർന്നതിന്റെ പേരിൽ ഹിന്ദുക്കളെ മതതീവ്രവാദികൾ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിന് ശേഷമാണ് ഹോളിയ്ക്ക് മുന്നോടിയായി മസ്ജിദ് മറയ്ക്കാൻ ആരംഭിച്ചത്.
നാല് അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഹോളിയ്ക്ക് മുന്നോടിയായി മസ്ജിദ് മറയ്ക്കാൻ ആരംഭിച്ചതെന്ന് പരിപാലകനായ ഹാജി മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. ഇതാകുമ്പോൾ ആളുകൾ എറിയുന്ന നിറങ്ങളും അഴുക്കുമൊന്നും പറ്റിപ്പിടിക്കില്ല. മസ്ജിദിന്റെ ഒരു ഭാഗത്ത് മാത്രമേ ഹോളി ആഘോഷിക്കാൻ അനുവദിക്കാറുള്ളൂവെന്നും ഹാജി വ്യക്തമാക്കി.








